ഇന്ത്യന്‍ സ്കൂള്‍ എക്സിക്യൂട്ടിവ് അംഗത്തിന്‍െറ രാജിയുടെ കാരണം വ്യക്തമാക്കണമെന്ന്

മനാമ: കഴിഞ്ഞ ഭരണസമിതിക്കെതിരായ കുപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയുടെ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയില്‍ നിന്നുള്ള രാജിയുടെ കാരണം വ്യക്തമാക്കണമെന്ന് യു.പി.പി. (റഫീഖ് അബ്ദുല്ല വിഭാഗം) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നാട്ടില്‍ പഠിക്കുകയായിരുന്ന കുട്ടിയെ കൊണ്ടുവന്ന് വീണ്ടും രക്ഷിതാവായതിന് ശേഷമാണ് ഇദ്ദേഹം സ്കൂള്‍ ഭരണസമിതിയില്‍ അംഗമായത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ കുട്ടി സ്കൂള്‍ വിടേണ്ടിവരും എന്ന കാര്യം അന്ന് ഓര്‍ക്കാതിരുന്നതെന്താണ്? ഇപ്പോള്‍ രാജിക്ക് കാരണമായി പറയുന്ന കാരണങ്ങള്‍ വിശ്വസനീയമല്ല. ആയതിനാല്‍, എന്താണ് രാജിയുടെ യഥാര്‍ഥ കാരണമെന്ന് അറിയാനുള്ള അവകാശം രക്ഷിതാക്കള്‍ക്കുണ്ട്.
മെമ്പറുടെ രാജി സ്വീകരിക്കില്ല എന്ന് ചെയര്‍മാനും രാജി മാതൃകാപരമെന്ന് പി.പി.എ. കണ്‍വീനറും പ്രസ്താവന നടത്തുന്നതിലെ വൈരുധ്യം എന്താണെന്ന് ഇവര്‍ വ്യക്തമാക്കണം.
ചെയര്‍മാനും സെക്രട്ടറിയും ഒന്നോ രണ്ടോ മെമ്പര്‍മാരും മാത്രമാണ് ഇപ്പോള്‍ സ്കൂളിലെ ഭരണകാര്യങ്ങളില്‍  തീരുമാനങ്ങള്‍ എടുക്കുന്നത്. ഭാരവാഹികളേക്കാള്‍ പ്രാധാന്യവും പരിഗണനയും നല്‍കുന്നത് ചെയര്‍മാനും സെക്രട്ടറിക്കും വേണ്ടപ്പെട്ടവര്‍ക്കാണ്.
ഈ സാഹചര്യത്തിലാണ് രാജി വെച്ച ഒരു മെമ്പര്‍ക്ക് ആദര്‍ശ പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നത്. ഇത് മറച്ചുവെച്ച് ആദര്‍ശം പറയുന്ന പി.പി.എയുടെ പ്രവര്‍ത്തനങ്ങള്‍  അങ്ങേയറ്റം പരിഹാസ്യമാണ്.
സ്കൂളുമായി ഒരു ബന്ധവും പുലര്‍ത്താതിരിക്കുന്ന, സ്കൂള്‍ ഫെയറില്‍ പോലും സാന്നിധ്യമറിയിക്കാത്ത പി.പി.എ കണ്‍വീനറുടെ പെട്ടെന്നുള്ള മലക്കം മറിച്ചില്‍ രസകരമാണ്.
പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് സ്കൂളില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ ഭരണ സമിതിയെ താക്കീത് ചെയ്യാനുള്ള ത്രാണിയെങ്കിലും  പി.പി.എ കണ്‍വീനര്‍ കാണിക്കേണ്ടിയിരുന്നു.
സ്കൂളില്‍ നടക്കുന്ന വഴിവിട്ട നിയമനങ്ങളും അതിന്‍െറ പിന്നിലെ വലിയ സാമ്പത്തിക ക്രമക്കേടുകളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
ട്രാസ്പോര്‍ട് കരാര്‍, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ നിയമനം തുടങ്ങിയ പല കാര്യങ്ങളിലും ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ സ്കൂള്‍ ചെയര്‍മാനും സെക്രട്ടറിയുമായി ബന്ധപ്പെടുകയും ആശങ്കകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ  ഇപ്പോഴുള്ള കാര്യങ്ങള്‍ ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ ബോധ്യപ്പെടുത്തുകയും സ്കൂളിന്‍െറ സല്‍പ്പേര് നിലനിര്‍ത്താന്‍ കഴിയുന്ന വ്യക്തികളെ മാത്രം ഭരണസമിതിയിലേക്ക് പരിഗണിക്കണമെന്ന്  ആവശ്യപ്പെടുകയും ചെയ്യുമെന്നും യു.പി.പി ഭാരവാഹികളായ റഫീഖ് അബ്ദുല്ല, അനീഷ് വര്‍ഗീസ്, അജി ഭാസി, സാനി പോള്‍  എന്നിവര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.