മനാമ: ഡിസംബർ ഒന്ന് ബഹ്റൈൻ വനിതാദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ സാമൂഹിക വികസന മന്ത്രാലയം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടെയും ബഹ്റൈനിലെ എല്ലാ മേഖലകളിലും സ്ത്രീകൾ നേടിയ മികച്ച സ്ഥാനത്തിന്റെ സൂചകമാണ് വനിതാ ദിനമെന്ന് സാമൂഹികവികസന മന്ത്രാലയം അണ്ടർ സെക്രട്ടറി സഹർ റാഷിദ് അൽ മന്നായി പറഞ്ഞു.
രാജപത്നി സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭങ്ങളെ അവർ അഭിനന്ദിച്ചു. വനിതാ സുപ്രീം കൗൺസിലിന്റെ പ്രവർത്തനങ്ങളും വനിതകളുടെ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ദേശീയ വികസനത്തിൽ സ്ത്രീകളുടെ നിരന്തര പരിശ്രമങ്ങളും നേട്ടങ്ങളും ഉയർന്നതോതിൽ ആദരിക്കപ്പെടുന്നു. എല്ലാ വികസന മേഖലകളിലും വ്യത്യസ്ത റോളുകളിലും ഉത്തരവാദിത്തങ്ങളിലും മികവ് പുലർത്താനുള്ള ബഹ്റൈൻ വനിതകളുടെ കഴിവിനെ അവർ അഭിനന്ദിച്ചു. വിവിധ മന്ത്രാലയങ്ങളിൽ കഴിഞ്ഞ ദിവസം ബഹ്റൈൻ വനിതാ ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും വനിതാ ജീവനക്കാർക്ക് മന്ത്രിമാർ അഭിവാദ്യം അർപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.