മനാമ: 53ാമത് ദേശീയ ദിനാഘോഷത്തിനായി രാജ്യമെങ്ങും ഒരുക്കം പൂർത്തിയായി. ആധുനിക ബഹ്റൈൻ രാഷ്ട്രം സ്ഥാപിച്ചതിന്റെയും ഹമദ് രാജാവ് സിംഹാസനാരൂഢനായതിന്റെ വാർഷികത്തിന്റെയും സ്മരണക്കാണ് ബഹ്റൈൻ ദേശീയദിനം ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന വിനോദപരിപാടികൾ ഡിസംബറിൽ ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങളെ പിന്തുണക്കുന്നതിൽ സ്വകാര്യമേഖലയുടെ നിർണായക പങ്കിനെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹെജി അഭിനന്ദിച്ചു. രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങളാൽ നിറഞ്ഞുകഴിഞ്ഞു.
ബഹ്റൈൻ പതാകയുടെ നിറത്തിലുള്ള വിളക്കുകളും പടുകൂറ്റൻ ഡിസ്പ്ലേകളും ലാൻഡ്മാർക്കുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം നിറഞ്ഞു. രാജ്യത്തുടനീളമുള്ള കടകളിൽ പതാക വിൽപന കാര്യമായി നടക്കുന്നുണ്ട്. 500 ഫിൽസ് മുതൽ 1.5 ദീനാർവരെ വിലയുള്ള പതാകകൾ ലഭ്യമാണ്.
പരമ്പരാഗത വസ്ത്രങ്ങളുടെയും മറ്റും കച്ചവടം വലിയതോതിൽ നടക്കുന്നുണ്ട്. വിദ്യാർഥികൾക്ക് അണിയാനുള്ള വസ്ത്രങ്ങളും തൊപ്പിയുമടക്കം ലഭ്യമാണ്. പ്രഖാ സൂഖുകളിലെല്ലാം കച്ചവടം ഉഷാറായിട്ടുണ്ട്. വിവിധ പ്രായക്കാർക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെ (ബാക്ക) ആഭിമുഖ്യത്തിൽ മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ, പ്രത്യേക സാംസ്കാരിക പരിപാടികൾ, സംഗീത പരിപാടികൾ, കരകൗശല ശിൽപശാലകൾ, കുട്ടികളുടെ പരിപാടികൾ എന്നിവയടക്കം ഉൾക്കൊള്ളിച്ചിട്ടുണ്ട്. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും ആകർഷിക്കാൻ നിരവധി ടൂർ പാക്കേജുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.