മനാമ: പരിസ്ഥിതി സുരക്ഷക്കായി ശ്രമങ്ങൾ ശക്തമാക്കാൻ മന്ത്രിസഭ യോഗം ആഹ്വാനംചെയ്തു. ജൂൺ അഞ്ച് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ ആഘാതത്തിൽനിന്ന് പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ശക്തിപ്പെടുത്താനും കാർബൺ ബഹിർഗമനം കുറക്കുന്നതിനായി കൂടുതൽ വൃക്ഷത്തൈകൾ നടാനും തീരുമാനിച്ചത്. ഈവർഷം മൊത്തം 2,30,000 മരങ്ങൾ നടാനായിരുന്നു പദ്ധതി. എന്നാലിത് 4,60,000 മരങ്ങളായി വർധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം. യു.എൻ പരിസ്ഥിതി സുരക്ഷ പദ്ധതിപ്രകാരം 2035ഓടെ നിലവിലുള്ള മരങ്ങളുടെ നാലിരട്ടിയാക്കാനാണ് നിർദേശമുള്ളത്.
മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് ഇന്ത്യയിലെ ഒഡിഷയിലുണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് കാബിനറ്റ് അനുശോചനം നേരുകയും പരിക്കേറ്റവർക്ക് ദ്രുതശമനം സാധ്യമാകട്ടെയെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. വിരമിച്ചവർക്ക് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സഹായവർധന ജനുവരി മുതൽ ജൂൺ വരെയുള്ളത് വേഗത്തിൽ വിതരണം ചെയ്യാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശിച്ചു. പൊതുബജറ്റിനെ സംബന്ധിച്ച് പാർലമെന്റും ശൂറ കൗൺസിലും സർക്കാറും ചേർന്ന് നടത്തിയ ചർച്ചയിലെടുത്ത തീരുമാനപ്രകാരമാണ് വർധന വരുത്തിയത്. രാജ്യത്തെയും ജനങ്ങളുടെയും താൽപര്യം മുൻനിർത്തി ഇരു സഭകളും ബജറ്റ് അംഗീകരിച്ചതിനെയും കാബിനറ്റ് സ്വാഗതംചെയ്തു. പൊതു മേഖല ജീവനക്കാർ, പ്രത്യേക പരിഗണന വേണ്ടവർ എന്നിവർക്കുള്ള ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സഹായം ജൂൺ മാസത്തിൽ വിതരണം ചെയ്യാനും പ്രധാനമന്ത്രി നിർദേശം നൽകി. വിവിധ പരീക്ഷകളിൽ വിജയികളായ വിദ്യാർഥികൾക്ക് കാബിനറ്റ് ആശംസകൾ നേർന്നു. വിദ്യാർഥികളോടൊപ്പം പഠനത്തിന് സഹായകമായി നിലകൊണ്ട രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ അധികൃതർ എന്നിവർക്കും അഭിവാദ്യങ്ങൾ അറിയിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ചുമതലപ്പെടുത്തിയതനുസരിച്ച് തുർക്കിയ പ്രസിഡന്റ് അധികാരാരോഹണ ചടങ്ങിൽ ഉപപ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചു. അറബ് ലേബർ കോൺഫറൻസിന്റെ 49ാമത് സെഷൻ യോഗം, 76ാമത് ലോകാരോഗ്യ അസംബ്ലിക്ക് എക്സിക്യൂട്ടിവ് ബോർഡ് യോഗം, വായനാ പുരോഗതി അളക്കുന്നതിനുള്ള അന്താരാഷ്ട്ര പഠനത്തിൽ ബഹ്റൈന്റെ പങ്കാളിത്തം എന്നിവയെക്കുറിച്ചും റിപ്പോർട്ട് അവതരിപ്പിച്ചു. ബഹ്റൈൻ ടീച്ചേഴ്സ് കോളജിന് യു.എസ് ടീച്ചർ എജുക്കേഷൻ അക്രഡിറ്റേഷൻ കൗൺസിൽ അംഗീകാരം, സൗദിയിൽ നടന്ന ഇന്റർ സ്കൂൾ ഫോർമുല വൺ മത്സരങ്ങളിലെ സമാപനച്ചടങ്ങിലെ പങ്കാളിത്തം, മന്ത്രിമാരുടെ വിദേശരാജ്യങ്ങളിലെ സന്ദർശനവും വിവിധ പരിപാടികളിലെ പങ്കാളിത്തവും തുടങ്ങിയ വിഷയങ്ങളുടെ റിപ്പോർട്ടും കാബിനറ്റിൽ അവതരിപ്പിച്ചു. ഗുദൈബിയ പാലസിൽ നടന്ന കാബിനറ്റ് യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.