കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു. രണ്ടിടങ്ങളിലായി നടന്ന ഓണാഘോഷ പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഫിൻറാസ് കോഓപറേറ്റീവ് ഹാളിൽ നടന്ന ഫഹാഹീൽ-, അബു ഹലീഫ മേഖലകളുടെ ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കൃഷ്ണകുമാർ പഹേൽ ഉദ്ഘാടനം ചെയ്തു.
കല കുവൈത്ത് പ്രസിഡൻറ് സി.എസ്. സുഗതകുമാർ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, കല കുവൈത്ത് ജോയൻറ് സെക്രട്ടറി പ്രസീത് കരുണാകരൻ, വനിതാവേദി പ്രസിഡൻറ് ശാന്ത ആർ. നായർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ടി.വി. ജയൻ സ്വാഗതവും കല കുവൈത്ത് അബൂഹലീഫ മേഖല പ്രസിഡൻറ് നന്ദിയും പറഞ്ഞു.
ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന അബ്ബാസിയ , -സാൽമിയ മേഖലകളുടെ ഓണാഘോഷം കുവൈത്തിലെ മുതിർന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. കുവൈത്ത് മലയാളി സമൂഹത്തിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ കല കുവൈത്ത് പ്രസിഡൻറ് സി.എസ്. സുഗതകുമാർ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ് എന്നിവർ സംസാരിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം സണ്ണി സൈജേഷ് നന്ദിയും പറഞ്ഞു.
സാംസ്കാരിക ഘോഷയാത്രയോടെയാണ് രണ്ടിടങ്ങളിലും ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. ചെണ്ടമേളവും പുലിക്കളിയും വഞ്ചിപ്പാട്ടും ഘോഷയാത്രക്ക് മാറ്റുകൂട്ടി. കല കുവൈത്ത് പ്രവർത്തകർ തന്നെ ഓണസദ്യ ഒരുക്കി. മുവായിരത്തോളം പേരാണ് രണ്ടിടങ്ങളിലായി ഓണസദ്യ കഴിച്ചത്.ആഘോഷങ്ങളുടെ ഭാഗമായി കല കുടുംബാംഗങ്ങളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. അബൂഹലീഫ-, ഫഹാഹീൽ ഓണാഘോഷത്തിൽ അവതരിപ്പിക്കപ്പെട്ട മെഗാ തിരുവാതിരയും മെഗാ കേരളനടനവും പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. നൂറോളം പേരാണ് ഈ മെഗാ നൃത്തപരിപാടിയിൽ പങ്കാളികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.