കുവൈത്ത് സിറ്റി: കമേഴ്സ്യൽ വിമാന സർവിസ് ജനുവരി രണ്ട് മുതൽ പുനരാരംഭിക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സജ്ജമാണെന്ന് വ്യോമയാന വകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ച പുലർച്ച നാലുമുതലാണ് നിർത്തിവെച്ച വിമാന സർവിസ് പുനരാരംഭിക്കുന്നത്.
വിമാനക്കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയതായി വിമാനത്താവളകാര്യ ഉപമേധാവി സാലിഹ് അൽ ഫദാഗി പറഞ്ഞു. കോവിഡ് വ്യാപനം വിലയിരുത്തി തീരുമാനം ആവശ്യമെങ്കിൽ മാറ്റുമെന്ന് മന്ത്രിസഭ അറിയിച്ചിട്ടുണ്ട്. തുർക്കിയിൽനിന്നാണ് ആദ്യവിമാനം വരുന്നത്.
ടെക്നിക്കൽ, മെഡിക്കൽ ടീം സജ്ജമാണ്. മെഡിക്കൽ നടപടിക്രമങ്ങൾ നേരത്തെയുള്ള നിലയിൽ തന്നെയാവും. പത്ത് ശതമാനം യാത്രക്കാർക്ക് റാൻഡം അടിസ്ഥാനത്തിൽ പി.സി.ആർ പരിശോധന നടത്തും. പരമാവധി 30 ശതമാനം ശേഷിയിൽ മാത്രമാണ് വിമാനത്താവളം പ്രവർത്തിക്കുക.
ഒരു ദിവസം 10000ത്തിൽ കൂടുതൽ യാത്രക്കാർ ഉണ്ടാവില്ല. പ്രതിദിനം 100 വിമാന സർവിസുകളാണ് പരമാവധി ഉണ്ടാവുക. ആഗസ്റ്റ് ഒന്നിന് കമേഴ്സ്യൽ വിമാന സർവിസ് ആരംഭിച്ച ശേഷം ഇൗ നില തുടരുന്നു.
വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരനെ മാത്രമേ കയറ്റുന്നുള്ളൂ.
പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളിൽ മാത്രമാണ് ഇതിന് ഇളവ് അനുവദിക്കുക. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.