കുവൈത്ത് സിറ്റി: കുവൈത്തിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് 11 പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ടൂറിസ്റ്റിക് എൻറർപ്രൈസസ് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അബ്ദുൽ വഹാബ് അഹ്മദ് അൽ മർസൂഖ് പറഞ്ഞു. കുവൈത്ത് ടവറിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിലെ വിനോദ സൗകര്യ വികസനങ്ങളിൽ പുതിയ അധ്യായം എഴുതാൻ തയാറെടുക്കുകയാണ്. ഉല്ലാകേന്ദ്രങ്ങൾ നവീകരിക്കാനും പുതിയവ സ്ഥാപിക്കാനും ചിലത് പുനർ നിർമിക്കാനും സ്ഥാനം മാറ്റാനും പദ്ധതിയുണ്ട്. ലോകോത്തരമായ ഉല്ലാസ അനുഭവങ്ങൾ സമ്മാനിച്ച് കുവൈത്തിലേക്ക് കൂടുതൽപേരെ ആകർഷിക്കുകയാണ് ലക്ഷ്യം. പാർക്കുകൾ, കുടുംബ വിനോദകേന്ദ്രങ്ങൾ, റിക്രിയേഷൻ ക്ലബ്, ഹൈവേ വിശ്രമ കേന്ദ്രങ്ങൾ, തീരദേശ ഉല്ലാസകേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചാണ് 11 പദ്ധതികൾ തയാറാക്കുന്നത്. നുവൈസീബ് വിശ്രമകേന്ദ്രം, റാസ് അൽ അർദ് ക്ലബ്, മെസ്സില ബീച്ച് എന്നിവ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക- സാമ്പത്തിക വികസനത്തിനും മനുഷ്യവിഭവശേഷി വികസനത്തിനും തൊഴിൽ സൃഷ്ടിക്കും വിനോദസഞ്ചാര വികസനത്തിനും പുതിയ പദ്ധതികൾ സഹായിക്കുമെന്ന് അബ്ദുൽ വഹാബ് അഹ്മദ് അൽ മർസൂഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.