മസ്കത്ത്: സീസൺ അവസാനിച്ചതോടെ കേരള സെക്ടറിലേക്ക് സ്വപ്ന നിരക്കുമായി വിമാന കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസും സലാം എയറും ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചു. സ്കൂൾ അവധിയും ഫെസ്റ്റിവൽ സീസണും അവസാനിച്ചതോടെ അടുത്ത മാസം 14 വരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ എല്ലാ സെക്ടറിലേക്ക് നിരക്ക് കുറച്ചത്. മസ്കത്തിൽനിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവന്തപുരത്തേക്ക് അടുത്ത ഒരു മാസത്തെ പുതിയ ഷെഡ്യൂളിൽ 33 റിയാലാണ് കുറഞ്ഞ നിരക്ക്. ചില ദിവസങ്ങളിൽ നിരക്കിൽ വ്യത്യാസമുണ്ടെങ്കിലും പല ദിവസങ്ങളിലും ഇതേ നിരക്കിൽ തന്നെ ടിക്കറ്റുകൾ ലഭിക്കും. ഉച്ചക്ക് 12.25ന് പുറപ്പെട്ട് വൈകുന്നേരം 5.35 ന് കൊച്ചിയിലെത്തുന്ന വിമാനത്തിനും സമാന നിരക്ക് തന്നെയാണ് എയർ ഇന്ത്യ ഈടാക്കുന്നത്. എന്നാൽ, മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് 37.200 റിയാലാണ് എയർ ഇന്ത്യ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് പുലർച്ച 2.50 ന് പുറപ്പെടുന്ന വിമാനം കാലത്ത് 7.50 നാണ് കോഴിക്കോട്ട് എത്തുന്നത്. മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് 40 റിയാലാണ് നിരക്ക്. രാവിലെ 9.40 ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.30 കണ്ണൂരിലെത്തും. ചൊവ്വ. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്.
കേരളത്തിൽനിന്ന് മസ്കത്തിലേക്കുള്ള സർവിസുകളുടെ നിരക്കുകളും എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് 40 റിയാലാണ് നിരക്ക്. കാലത്ത് 8.35 ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 11.10 മസ്കത്തിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 44.900 റിയാസലാണ് ഈടാക്കുന്നത്. രാത്രി 11.35 ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് പുലർച്ച 1.50 ന് മസ്കത്തിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് 35.900 റിയാലാണ് ഈടാക്കുന്നത്.
മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് സർവിസ് നടത്തുന്ന സലാം എയറും നിരക്കുകൾ കുറച്ചിട്ടുണ്ട്. രാത്രി 10.30ന് മസ്കത്തിൽ നിന്ന് പുറപ്പെട്ട് പുലർച്ച 3.20 കോഴിക്കോട്ടെത്തുന്ന സലാം എയർ 37 റിയാലാണ് ഈടാക്കുന്നത്. ഈ നിരക്കിലുള്ള ടിക്കറ്റിന് 20 കിലോ ലഗേജ് മാത്രമാണ് അനുവദിക്കുക.
വിമാന കമ്പനികൾ നിരക്കുകൾ കുറച്ചെന്ന അറിയിപ്പുകൾ വന്നതോടെ നിരവധി പേരാണ് കേരളത്തിലേക്ക് പോവാൻ ഒരുങ്ങുന്നത്. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ നിരവധി പേർ ടിക്കറ്റുകൾ എടുത്തു കഴിഞ്ഞു. ഹൃസ്വ ലീവെടുത്ത് നാട്ടിൽ പോവുന്നവരും നിരവധിയാണ്. നിരക്കുകൾ കൂടിയത് കാരണം ഇതു വരെ നാട്ടിൽ പോവാതെ നിന്നിരുന്ന നിരവധി കുറഞ്ഞ വരുമാനക്കാരും നാട്ടിലേക്ക് ടിക്കറ്റെടുക്കാൻ ഒരുങ്ങുകയാണ്. ഒമാനികൾ അടക്കമുള്ള നിരവധി വിദേശികളും യാത്രക്ക് ഒരുങ്ങുന്നുണ്ട്. കേരളത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ കേരളം സന്ദർശിക്കുകയാണ് ഇവരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.