മസ്കത്ത്: ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നുതന്നെ നിൽക്കുന്നത് തിരിച്ചെത്താനിരിക്കുന്നവർക്ക് വൻ വെല്ലുവിളി ഉയർത്തുന്നു.
അടുത്ത മാസം മുഴുവൻ ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ് പോലും ഉയർന്ന നിരക്കുകൾ ഇൗടാക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വൻ പ്രയാസമാണുണ്ടാക്കുന്നത്. അതിനാൽ ഗോ എയറും ഇൻഡിഗോയുമടക്കം ബജറ്റ് വിമാന കമ്പനികൾക്ക് അനുവാദം നൽകണമെന്നാണ് പ്രവാസികളും സാമൂഹികപ്രവർത്തകരും ആവശ്യപ്പെടുന്നത്.
ഡൽഹിയിൽനിന്ന് മസ്കത്തിലേക്ക് നേരിട്ട് സർവിസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റ് നിരക്കുകൾ 500 റിയാൽ കവിഞ്ഞു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും ഇതുതന്നെയാണ് സ്ഥിതി. ഇത് വിമാനക്കമ്പനികൾ പ്രവാസികളെ സഹായിക്കേണ്ട സമയമാണെന്നും നാട്ടിൽ മാസങ്ങളായി കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാൻ അവസരമൊരുക്കണമെന്നും സാമൂഹികപ്രവർത്തകർ ആവശ്യപ്പെടുന്നു.
കഴിഞ്ഞവർഷം ഒമാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മസ്കത്തിൽനിന്ന് ഇന്ത്യയിലേക്ക് നടത്തിയ വന്ദേ ഭാരത് വിമാന സർവിസുകൾ നൂറ് റിയാലിൽ താഴെയാണ് ഇൗടാക്കിയതെന്നും സാമൂഹികപ്രവർത്തകർ ഒാർമിപ്പിക്കുന്നു.
പ്രവാസികൾ ഇന്ത്യയുടെ സാമ്പത്തികനില ഭദ്രമാക്കുന്നവരാണ്. അവരുടെ ജോലി നഷ്ടപ്പെടുന്നത് രാജ്യത്തിെൻറ സാമ്പത്തികമേഖലക്ക് നഷ്ടമാകും. നിലവിലെ ഉയർന്ന ടിക്കറ്റുകൾനൽകി സാധാരണ പ്രവാസിക്ക് ഒമാനിലേക്ക് തിരിച്ചുവരുന്നത് ദുഷ്കരമായ കാര്യമാണ്.
മാസത്തിൽ പരമാവധി 100 റിയാൽ ശമ്പളം കിട്ടുന്നവർക്ക് എങ്ങനെ 300 റിയാൽ നൽകി ടിക്കറ്റെടുക്കാൻ കഴിയുമെന്നാണ് ഇവർ ചോദിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് സെപ്റ്റംബർ അവസാനം വരെ 295 റിയാലാണ് എയർഇന്ത്യ എക്പ്രസ് ഇൗടാക്കുന്നത്. ഒക്ടോബർ ആദ്യത്തോടെ നിരക്ക് 156 റിയാലായി കുറയുന്നുണ്ട്.
കോഴിക്കോട്ട് നിന്നും കണ്ണൂരിൽനിന്നും സമാനമായ നിരക്ക് തന്നെയാണ് ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് ഇൗടാക്കുന്നത്. കോഴിക്കോട്ടുനിന്ന് സെപ്റ്റംബർ മുഴുവൻ 266 റിയാലാണ് നിരക്ക്. ഒക്ടോബറിൽ ഇത് 119 റിയാലായി കുറയുന്നുണ്ട്.
കണ്ണൂരിൽനിന്ന് സെപ്റ്റംബർ മുഴുവൻ 269 റിയാലാണ് ഇൗടാക്കുന്നത്. ഒക്ടോബറിൽ ഇത് 130 റിയാലായി കുറയുന്നുണ്ടെങ്കിലും ബുക്കിങ്ങുകൾ വർധിക്കുന്നതിനനുസരിച്ച് നിരക്കുകൾ കൂടാനാണ് സാധ്യത.
കോവിഡ് പ്രതിസന്ധിക്ക് മുമ്പ് ഇന്ത്യ-ഒമാൻ സെക്ടറിൽ ആഴ്ചയിൽ 27,000 സീറ്റുകളാണ് അനുവദിച്ചിരുന്നത്.
കോവിഡ് പ്രതിസന്ധികാലത്ത് ഇരുരാജ്യങ്ങളും ഉണ്ടാക്കിയ എയർബബ്ൾ കരാർ പ്രകാരം സീറ്റുകൾ 10,000 ആയി കുറച്ചു. നവംബറിൽ പുതുക്കിയ കരാർപ്രകാരം സീറ്റുകൾ ആഴ്ചയിൽ 5000 ആയി കുറച്ചു. പിന്നീട് 1000 സീറ്റുകൾ കൂട്ടി ആഴ്ചയിൽ 6000 സീറ്റുകൾ എന്നനിലയിലാണ് സർവിസ് പുനരാരംഭിക്കുക.
നിരവധി ഇന്ത്യക്കാർ നാട്ടിൽ കുടുങ്ങിയ സാഹചര്യത്തിൽ ഇവരെ തിരിച്ചെത്തിക്കാൻ വിമാന കമ്പനികളുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാവണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
ഇൗ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇന്ത്യ-ഒമാൻ സെക്ടറിൽ സീറ്റുകൾ വർധിപ്പിക്കണമെന്നും ഇന്ത്യയിൽനിന്നുള്ള സ്വകാര്യ ബജറ്റ് വിമാന സർവിസുകളായ േഗാ എയർ, ഇൻറിഗോ, സ്പൈസ് ജറ്റ് എന്നിവക്ക് സർവിസ് അനുവദിക്കണമെന്നുമാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.