മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ സ്വകാര്യ ഹെൽത്ത് ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് പുതിയ ലൈസൻസ് നൽകുന്നത് ആരോഗ്യ മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. ശൂറ കൗൺസിലിൽ സംസാരിക്കവെ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയാണ് ഇക്കാര്യം പറഞ്ഞത്. മസ്കത്തിൽ നിരവധി സ്വകാര്യ ക്ലിനിക്കുകളുണ്ട്. ഇത്തരത്തിൽ സ്ഥാപനങ്ങൾ വർധിച്ചാൽ നിരീക്ഷിക്കാനും പിന്തുടരാനും ബുദ്ധിമുട്ടാണ്. അതിനാൽ പുതിയവക്ക് ലൈസൻസ് നൽകുന്നത് നിർത്താൻ തീരുമാനിക്കുകയാണെന്ന് അൽ സബ്തി പറഞ്ഞു.
സാർവത്രിക ആരോഗ്യ പരിരക്ഷ, ആരോഗ്യ മേഖലയിലെ മാനവ വിഭവശേഷി, ആരോഗ്യ സംവിധാനത്തിന് ധനസഹായം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് മന്ത്രി സംസാരിച്ചു. വിതരണത്തിന്റെ അഭാവവും ആരോഗ്യ ക്ലിനിക്കുകളുടെ എണ്ണത്തിൽ 15 ശതമാനംവരെ വർധനയുണ്ടായതുമാണ് മരുന്നുക്ഷാമത്തിന് കാരണം. ഇത് പരിഹരിക്കാനായി മന്ത്രാലയം മരുന്നുകളുടെ കരുതൽ ശേഖരം വർധിപ്പിച്ചിട്ടുണ്ട്. അപ്പോയിന്റ്മെന്റുകൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുവഴി 70 ശതമാനം രോഗികൾക്ക് നാല് ആഴ്ചക്കുള്ളിൽ ആദ്യ അപ്പോയിന്റ്മെന്റ് നേടാനാകും. മുമ്പ് ഇത് 30 ശതമാനമായിരുന്നു. ആശുപത്രികളിലെ നിയമനങ്ങൾ വേഗത്തിലാക്കാൻ പ്രവർത്തിക്കുന്നുണ്ട്. വിരമിക്കലും ആരോഗ്യമേഖലയുടെ വിപുലീകരണവും കാരണം ജോലിക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. പുതിയ നിയമനത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 600 അധിക കിടക്കകളുള്ള അഞ്ച് ആശുപത്രികൾ വികസിപ്പിക്കാനും മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത പ്രാദേശിക ആശുപത്രികളിലേക്ക് ഉയർത്താനും പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.