സുഹാർ: കനത്ത ചൂടിന് നേരിയ കുറവു വന്നു തുടങ്ങിയതോടെ രാജ്യത്തെ പ്രാദേശിക കളിക്കളം ഉണർന്നു. സെപ്റ്റംബർ അവസാനിക്കാറായിട്ടും താപനില പതിയെ കുറഞ്ഞു വരുന്നതേയുള്ളൂ. ശരിക്കും തണുപ്പ് വരേണ്ട സമയമായിട്ടും താപനിലയിൽ ഗണ്യമായ മാറ്റം വന്നുതുടങ്ങിയിട്ടില്ല. എന്നാലും കളിക്കളം ഉണരുകയാണ്.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ പ്രവാസികൾക്ക് ടൂർണമെന്റുകളുടെ മാസമാണ്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യക്കാരാണ് ടൂർണമെന്റ് നടത്തിപ്പുകാർ. ടൂർണമെന്റുകളിൽ മുന്നിൽ നിൽക്കുന്നത് ക്രിക്കറ്റ് തന്നെയാണ്. ഫുട്ബാളും ബാഡ്മിന്റണും വോളിബാളും തൊട്ടു പിറകിലുണ്ട്. പ്രദേശിക കളികൾക്ക് നല്ല സ്വീകാര്യത കിട്ടുന്നുണ്ട്. ഓരോ മേഖലയിലുള്ള ടീമുകൾ ചേർന്നാണ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്.
വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സംഘടനകളുടെയും കൂട്ടായ്മകളുടെയും കീഴിൽ ടൂർണമെന്റുകൾ നടക്കും. നിശ്ചിത തുക അഡ്മിഷൻ ഫീസ് വാങ്ങിയാണ് ടീമുകളെ ചേർക്കുന്നത്. ഒരു ടൂർണമെന്റിൽ പതിനാറു മുതൽ ഇരുപതു വരെ ടീമുകളുണ്ടാവും. ക്രിക്കറ്റ് ലീഗ് മാസങ്ങളോളം നീണ്ടുനിൽക്കുമെങ്കിലും ഫുട്ബാൾ ടൂർണമെന്റ് ഒരു ദിവസം കൊണ്ടോ രണ്ട് ദിവസംകൊണ്ടോ അവസാനിക്കും. വെള്ളിയാഴ്ചകളിലാണ് സാധാരണ ടൂർണമെന്റുകൾ ഉണ്ടാവുക.
സ്ഥലമുടമയുടെ സമ്മതത്തോടെ ഒഴിഞ്ഞ സ്ഥലം തിരഞ്ഞെടുത്ത് അതിൽ ക്രിക്കറ്റ് പിച്ച് നിർമിച്ച് അത് സംരക്ഷിച്ചു നിർത്തിക്കൊണ്ടാണ് ക്രിക്കറ്റ് കളിക്കാർ ഓരോ സ്ഥലത്തും തങ്ങളുടെ കളിസ്ഥലം ഒരുക്കുന്നത്.
സ്വദേശികൾക്ക് ക്രിക്കറ്റിൽ വലിയ കമ്പം ഇല്ലെങ്കിലും കായിക വിനോദത്തോട് താൽപര്യമുള്ളതുകൊണ്ട് പ്രവാസികൾക്ക് വേണ്ട പ്രോത്സാഹനം നൽകാറുണ്ട്. ഫുട്ബാളിനും ബാഡ്മിന്റണിനും
വോളിബാളിനും ഇൻഡോർ കോർട്ടുകളും ടർഫുകളാണ് ഉപയോഗിക്കുക. സംഘടനകളും കൂട്ടായ്മകളും ഫുട്ബാൾ ടൂർണമെന്റുകൾ സംഘടിപ്പിക്കും. സെവെൻസ് ആണ് കൂടുതലും നടക്കുക. വോളിബാളിലും കളി കമ്പക്കാർ ഏറെയാണ്. സ്ഥിരമായി സുഹാർ പാർക്കിൽ വോളിബാൾ കളിക്കാനുള്ള സൗകര്യങ്ങളോടെയുള്ള കോർട്ട് ഒരുക്കിയിട്ടുണ്ട്.
രാജ്യാന്തര വോളിബാൾ മത്സരവും ഇവിടെ അരങ്ങേറാറുണ്ട്. താപനില ഉയർന്ന നിലയിൽ ആയതു കാരണം തുറസ്സായ സ്ഥലങ്ങളിലെ കളി പ്രവാസികൾ ഒഴിവാക്കിയിരുന്നു. പ്രഭാത നടത്തവും വ്യായാമവും വീട്ടിനകത്തുവെച്ചോ ജിമ്മിൽ വെച്ചോ ആണ് ചെയ്തിരുന്നത്.
കഠിന ചൂടിൽ കളിയും വ്യായാമവും കൂടിയാവുമ്പോൾ തളർന്നുപോകുന്ന താപനിലയായിരുന്നു രാജ്യത്തുണ്ടായിരുന്നത്. താപനില കുറഞ്ഞു എന്ന് പറയാൻ ആയില്ലെങ്കിലും വരും ദിവസങ്ങളിൽ താപനിലയിൽ മാറ്റമുണ്ടാകും എന്നുതന്നെയാണ് കാലാവസ്ഥ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.