ഇബ്രി വിലായത്തിലെ വാദി ഷാർജ വെള്ളച്ചാട്ടം

ഒമാനിലുണ്ടൊരു ഷാർജ

മസ്കത്ത്: ഒമാനിൽ ഒരു ഷാർജയുണ്ടെന്നറിയുമോ! പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നൊരു നിധിയെന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം ഇവിടത്തെ ഷാർജയെ. ഇബ്രി വിലായത്തിലെ ജബൽ അൽ കൗറിലെ വാദി ഷാർജ വെള്ളച്ചാട്ടം ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്. ഒമാനിൽ നിരവധി സാഹസിക-വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇനിയും ഒളിച്ചിരിപ്പുണ്ട്. അതിൽപ്പെട്ട ഒന്നായിരുന്നു ഷാർജ വെള്ളച്ചാട്ടം. അടുത്തിടെയാണ് ഈ മനോഹാരിതയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്.

200 മീറ്റർ ഉയരത്തിൽനിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. വെയിലുള്ളപ്പോൾ രൂപപ്പെടുന്ന മഴവില്ലഴകും എടുത്തുപറയേണ്ടതാണ്. ഖാഫ് മരങ്ങളും സിദ്ർ മരങ്ങളും തണലേകുന്ന വഴിയിലൂടെ അൽ കൗർ മല കയറിച്ചെല്ലുമ്പോൾ അത്ര മനോഹരമായ കാഴ്ചയാണ് വാദി ഷാർജ സമ്മാനിക്കുന്നത്. വെള്ളം പതിക്കുന്നിടത്ത് കുളിക്കാനുള്ള സൗകര്യവുമുണ്ട്. അപകട സാധ്യതകൾ കുറവായതിനാൽ കുടുംബത്തോടൊപ്പം വിനോദയാത്രയും പിക്നിക്കും നീന്തലും നടത്താനുള്ള സ്പോട്ടായി നിരവധി പേരാണ് ഇപ്പോൾ ഇവിടം തെരഞ്ഞെടുക്കുന്നത്.

സിപ്ലൈൻ പോലുള്ള വിനോദങ്ങൾ തുടങ്ങുന്നതിനുള്ള സാധ്യതകളും ഇവിടം തുറന്നിടുന്നു. വഴിമധ്യേ മരങ്ങൾ തണലേകുന്നതിനാൽ വിശ്രമിക്കാനുള്ള സ്ഥലങ്ങളും ഏറെയുണ്ട്. പ്രകൃതിദത്ത കുളവും തെളിഞ്ഞ വെള്ളവുമൊരുക്കിയാണ് സന്ദർശകരെ ഇവിടേക്ക് ക്ഷണിക്കുന്നത്. അൽപം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മലകയറി വെള്ളച്ചാട്ടത്തിന് മുകളിൽ പോയി കുളിക്കാനും കഴിയും. പക്ഷേ, അപകടസാധ്യതയുള്ളതിനാൽ അതിന് മുതിരാത്തതാണ് നല്ലത്.

Tags:    
News Summary - Wadi Sharjah Falls in Jebel Al Kaur, Ibri Province

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.