മസ്കത്ത്: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ തുടർ വിജയം ലക്ഷ്യമിട്ട് ഒമാൻ ടീം അമ്മാനിലെത്തി. സ്വന്തം തട്ടകത്തിൽ കുവൈത്തിനെിരെ മിന്നും വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ചൊവ്വാഴ്ച ജോര്‍ഡനെ നേരിടും. ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് സാലിം അല്‍ വഹൈബിയുടെയും പരിശീലകന് റാശിദ് ജാബിറിന്റെയും നേതൃത്വത്തിലെത്തിയ സംഘത്തെ ജോർഡനിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് ഫഹദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ അജിലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
അമ്മാൻ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒമാന്‍ സമയം രാത്രി എട്ടിനാണ് മത്സരം. അമ്മാനിലെത്തിയ ടീം കോച്ചിന്റെ നേൃത്വത്വത്തിൽ പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു. കളിക്കാർക്ക് ആർക്കും പരിക്കില്ലെന്നത് കോച്ചിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
കഴിഞ്ഞ കളിയിൽ ടീം നടത്തിയ മുന്നേറ്റത്തിൽ കോച്ച് സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും വലിയ കടമ്പകൾ കടന്ന് ഇനിയും മന്നോട്ടുപോകാനുണ്ടെന്നും, വിജയത്തിന്റെ ആലസ്യത്തിൽ മുഴുകരുത് എന്നുമാണ് കളിക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ കളിയിൽ ഇറക്കിയ ടീമിൽ വലിയ മാറ്റമൊന്നും വരുത്താൻ സാധ്യതയില്ല.
എന്നാൽ, യുവതാരങ്ങൾക്ക് അവസരം നൽകിയേക്കും. കുവൈത്തിനെതിരെ നടന്ന കളിയിൽ റെഡ്വാരിയേഴ്സ് നാലു തവണയാണ് എതിരാളികളുടെ വലകുലുക്കിയത്. ചുമതലയേറ്റെടുത്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽതന്നെ ടീമിന്റെ മനോവീര്യം ഉയർത്തുന്നതിനായിരുന്നു കോച്ച് മുൻഗണന നൽകിയിരുന്നത്. ഇത് വിജയം കണ്ടു എന്നാണ് കഴിഞ്ഞ ദിവസത്തെ കളി സാക്ഷ്യപ്പെടുത്തുന്നത്.
തുടക്കം മുതൽ അവസാന നിമിഷംവരെ എതിരാളികളുടെ മേൽ സമ്പൂർണ ആധിപത്യമായിരുന്നു ടീം പുലർത്തിയിരുന്നത്. ഒപ്പം മുന്നേറ്റ നിരയും തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ ഒമാന്റെ വിജയ ചരിത്രത്തിൽതന്നെ പുതിയ ഏട് ഏഴുതിച്ചേർക്കുന്നതായി കുവൈത്തിനെതിരെയുള്ള മത്സരം. ചൊവ്വാഴ്ചത്തെ കളിയിലും വിജയത്തിൽ കുറഞ്ഞതൊന്നും ഒമാൻ ചിന്തിക്കുന്നില്ല.
എന്നാൽ, ഗ്രൂപ് ബിയില്‍ പോയന്റ് പട്ടികയില്‍ ഒമാന്റെ മുന്നില്‍ മൂന്നാം സ്ഥാനത്തുള്ള ജോര്ഡന് കരുത്തരായ എതിരാളികളാണ്. അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങിയതിനാല്തന്നെ നാളെത്തെ മത്സരഫലം ജോർഡനും നിര്‍ണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.