ഖത്തര്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

ദോഹ: രാജ്യത്തെ മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിറക്കി. ചില മന്ത്രിമാരുടെ വകുപ്പുകള്‍  മാറ്റിയും വ്യത്യസ്ത മന്ത്രാലയങ്ങള്‍ ഒരു മന്ത്രിയുടെ കീഴിലേക്ക് മാറ്റിയും നടത്തിയ പുന:സംഘടനയത്തെുടര്‍ന്ന് നിലവില്‍ 20 മന്ത്രിമാരുണ്ടായിരുന്നത് 16 ആയി ചുരുങ്ങി. അമീരി ഉത്തരവ് 1/2016 ലുടെ ഖത്തര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചതായി ഒൗദ്യോഗിക വാര്‍ത്താഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശകാര്യം, പ്രതിരോധം, തൊഴില്‍ - സാമൂഹ്യക്ഷേമം, മുനിസിപ്പല്‍ നഗരാസൂത്രണം, ആരോഗ്യം, സാംസ്കാരികം, പരിസ്ഥിതി, കമ്യൂണിക്കേഷന്‍ എന്നീ വകുപ്പുകളിലാണ് മാറ്റം. 
നിലവിലെ വിദേശകാര്യ മന്ത്രിയായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യക്ക് പകരം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനിയെ നിയമിച്ചു. വിദേശകാര്യ വകുപ്പില്‍ തന്നെ അന്താരാഷ്ട്ര സഹകരണത്തിനുളള സഹമന്ത്രിയായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യക്ക് പ്രതിരോധ വകുപ്പിന്‍െറയും മന്ത്രിസഭ കാര്യ വകുപ്പിന്‍െറയും സഹമന്ത്രി പദവിയാണ് നല്‍കിയത്. പ്രതിരോധ വകുപ്പിന്‍െറ ചുമതല അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തന്നെ വഹിക്കും. നിലവില്‍ പ്രതിരോധ വകുപ്പ് സഹമന്ത്രിയായിരുന്ന മേജര്‍ ജനറല്‍ ഹമദ് ബിന്‍ അലി അല്‍ അത്വിയ്യയെ പ്രധാനമന്ത്രി പദവിയോടെ അമീറിന്‍െറ സുരക്ഷ ഉപദേഷ്ടാവായും നിയമിച്ചു.
സ്പോര്‍ട്സ് യുവജനകാര്യ മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും ഇനി ഒരു മന്ത്രിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുക. കായിക മന്ത്രിയായിരുന്ന സ്വലാഹ് ബിന്‍ ഗാനിം അല്‍ അലിക്ക് സാംസ്കാരിക മന്ത്രാലയത്തിന്‍െറ ചുമതല കൂടി ലഭിച്ചു. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയായിരുന്നു നിലവില്‍ സാംസ്കാരിക വകുപ്പ് മന്ത്രി. അഡ്മിനിസ്ട്രേറ്റീവ് വകുപ്പും തൊഴില്‍ സാമൂഹ്യകാര്യ വകുപ്പും ഒരു മന്ത്രിയുടെ കീഴിലേക്ക് മാറ്റി. അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് മാത്രമുണ്ടായിരുന്ന ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ നുഐമിക്കാണ് തൊഴില്‍-സാമൂഹ്യകാര്യ വകുപ്പുകളുടെ കൂടി ചുമതല നല്‍കിയിരിക്കുന്നത്. നിലവില്‍ അബ്ദുല്ല സ്വാലിഹ് അല്‍ ഖുലൈഫിയായിരുന്നു തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി. കമ്യൂണിക്കേഷന്‍ വകുപ്പിന്‍െറ ചുമതല കൂടി നിലവിലെ ഗതാഗത മന്ത്രിയായ ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തിക്ക് നല്‍കി. ഹെസ്സ അല്‍ ജാബര്‍ ആയിരുന്നു നിലവിലെ കമ്യൂണിക്കേഷന്‍ മന്ത്രി. മുനിസിപ്പല്‍ മന്ത്രാലയത്തിന്‍െറയും പരിസ്ഥിതി വകുപ്പിന്‍െറയും ചുമതല മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിക്ക് നല്‍കി. മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയും നിലവില്‍ വിദേശകാര്യ വകുപ്പില്‍ സഹമന്ത്രിയായിരുന്നു. ഇതുവരെ മുനിസിപ്പല്‍ നഗരാസൂത്രണ വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ ഖലീഫ ആല്‍ഥാനിയും പരിസ്ഥിതി വകുപ്പ് മന്ത്രി അഹമ്മദ് അമര്‍ അല്‍ ഹുമൈദിയുമായിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍െറ ചുമതല ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് നല്‍കി. നിലവില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എം.ഡിയായി പ്രവര്‍ത്തിക്കുന്ന ഡോ. ഹനാന്‍ അല്‍ കുവാരി ഖത്തറില്‍ മന്ത്രിസ്ഥാനത്ത് എത്തുന്ന നാലാമത്തെ വനിതയാണ്. അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനിയായിരുന്ന ഇതുവരെ ആരോഗ്യമന്ത്രി.
ഇന്നലെ അമീരി ദിവാനിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ മന്ത്രിമാര്‍ സത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റെടുത്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി എന്നിവരും പങ്കെടുത്തു. ഊര്‍ജം, ധനകാര്യം, നീതിന്യായം, വിദ്യഭ്യാസം, വികസന ആസൂത്രണ-സ്റ്റാറ്റിറ്റിക്സ്, മതകാര്യം, സാമ്പത്തിക-വാണിജ്യം എന്നീ വകുപ്പുകളില്‍ നിലവിലുളള മന്ത്രിമാര്‍ തന്നെ തുടരും. 2013ല്‍ ഖത്തറിന്‍െറ ഭരണാധികാരിയായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ആദ്യത്തെ വലിയ മന്ത്രിസഭ പുന:സംഘടനയാണ് ഇപ്പോള്‍ നടന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.