പരമേശ്വരന് നാട്ടില്‍ ചെന്നാല്‍ മഴ നനയണം; പുഴയില്‍ മുങ്ങണം  

ദോഹ: നാട്ടില്‍ ചെന്നശേഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന ചോദ്യത്തിന് മുന്നില്‍ എല്ലാ പ്രവാസികളെയും പോലെ പരമേശ്വരനും ഒന്ന് പിടഞ്ഞു. പിന്നെ കണ്ണുകള്‍ നനഞ്ഞു. സ്വന്തം നാട് കാണാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല. എന്നാലും പൊതുമാപ്പില്‍ അപേക്ഷിച്ചപ്പോള്‍ പോകാനുളള ഭാഗ്യം കിട്ടി. 
അതില്‍കൂടുതല്‍ മറ്റൊരു ഭാഗ്യം എനിക്കിനി കിട്ടാനും പോകുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹം തേങ്ങി. 
താന്‍ വരുന്നതിന് രണ്ടുവര്‍ഷം മുമ്പ് ഭാര്യ മരിച്ചിരുന്നു. കാലം തീര്‍ത്ത 18 വര്‍ഷത്തിന്‍െറ ഇടവേളയില്‍ പ്രിയപ്പെട്ട മറ്റ് പലരും മരിച്ചുപോയെന്നതാണ് മറ്റൊരു വാസ്തവം.  അതില്‍ നാട്ടിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. ഇനി മക്കളെ കാണണം. പിന്നെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍. 
പുഴയില്‍ പോയൊന്ന് മുങ്ങിക്കുളിക്കണം. മഴ വരുമ്പോള്‍ നനഞ്ഞുകൊണ്ട് നടക്കണം. മരുഭൂമിയിലെ വെയിലിലും ചൂടിലും ഉരുകി ജീവിച്ച ഒരു മനുഷ്യന്‍െറ തീവ്രമായ ആഗ്രഹങ്ങളാണത്. പിന്നെ ഉപജീവനത്തിന് ബാംഗ്ളൂരിലോ മറ്റോ പോയി കഴിയുന്ന ജോലി ചെയ്ത് ജീവിക്കണം എന്ന ആഗ്രഹവും. 
ജന്മ നാടായ പാനൂര്‍ സെന്‍ട്രല്‍ പൊയ്ലൂരിലെ വീടിന്‍്റെ രൂപം ഒരു മങ്ങിയ ചിത്രം പോലെ മനസ്സിലുണ്ട്്. വീടിന് മുന്നില്‍ പുതുതായി ഒരു റോഡ് വന്നു. ചുറ്റുപാടുകള്‍ മാറിപ്പോയി. അതു കൊണ്ട് തന്നെ സ്ഥലം കണ്ടാല്‍ ഇപ്പോള്‍ തിരിച്ചറിയാനാവുമോ എന്നറിയില്ല. 
നേരിട്ട് കാണാത്ത ഏഴ് പേരക്കുട്ടികളുണ്ട്. അവര്‍ക്കോക്കെ വേണ്ടി ചോക്കലേറ്റും മൂത്ത പേരക്കുട്ടിക്ക് അവന്‍്റെ ആഗ്രഹ പ്രകാരം വാങ്ങിയ വാച്ചും പെട്ടിയിലുണ്ട്. 
പ്രതീക്ഷിച്ച സ്ഥലത്തു നിന്നൊന്നും തനിക്ക് സഹായം ലഭിച്ചിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിത വഴികളില്‍ കൂടി ഒരു പാട് സഹായം കിട്ടിയിട്ടുണ്ട്. ഇന്നലെ പോകാന്‍ നേരത്തും ഒരാള്‍ വന്ന് സാമ്പത്തിക സഹായം നല്‍കി.  പൊതുമാപ്പിന് നാട്ടിലേക്കു മടങ്ങുന്ന തനിക്ക് സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസക് നല്‍കിയ സഹായം ഒരിക്കലും മറക്കാനാകില്ലന്നെ് അദ്ദേഹം പറഞ്ഞു.  
2000ല്‍ ഖത്തറിലത്തെിയ പരമേശ്വന്‍ പിന്നീട് വിസ പുതുക്കാനാകാതെ കുടുങ്ങുകയായിരുന്നു.
 കഫ്റ്റീരിയകളിലും മറ്റു ജോലി നോക്കി കുടുംബം പോറ്റുകയായിരുന്നു.  ഇന്നലെ വൈകുന്നേരം 3.10ന് കോഴിക്കോട്ടേക്കുള്ള ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ മടങ്ങിയ അദ്ദേഹത്തെ യാത്രയാക്കാന്‍ സോഷ്യല്‍ ഫോറം ഹെല്‍പ്പ് ഡസ്ക് കേരള ഘടകത്തിന്‍്റെ ചുമതലയുള്ള സുബൈര്‍ വല്ലപ്പുഴ, ഓഫിസ് സെക്രട്ടറി ഷൗക്കത്ത് നാദാപുരം, ഷക്കീല്‍ കണ്ണൂര്‍ എന്നിവര്‍ എത്തിയിരുന്നു. 
കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ മരുമക്കളത്തെുമെന്ന് പരമേശ്വരന്‍ പറഞ്ഞു. എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ ഭാരവാഹികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തുന്നുണ്ടന്നും  ബന്ധപ്പെട്ടവര്‍ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.