ദോഹ: 35,000 അടി ഉയരത്തിൽ നൈൽ നദിക്ക് കുറുകെയുള്ള ആകാശയാത്രക്കിടയിൽ ജീവിതത്തിലേക്ക് കടന്നുവന്നവൾക്ക് നൽകിയ പേര് -മിറാക്ക്ൾ ഐഷ. പേര് പോലെ തന്നെ അത്ഭുതകരമായിരുന്നു ജീവിതത്തിലേക്കുള്ള അവളുടെ വരവും. ദോഹയിൽ നിന്നും ഉഗാണ്ടയിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനത്തിൽ ആകാശയാത്രക്കു മധ്യേ പിറന്ന സുന്ദരിയുടെ കഥ, പരിചരണത്തിന് നേതൃത്വം നൽകിയ ടൊറന്‍റോ സർവകലാശാലയിലെ പ്രഫസറായ ഡോക്ടറുടെ കുറിപ്പിലൂടെയാണ് ലോകമറിയുന്നത്.
ദോഹയിൽ നിന്നു ഉഗാണ്ട നഗരിയായ എന്‍റെബയിലേക്ക് ഡിസംബർ അഞ്ചിന് പുറപ്പെട്ട ഖത്തർ എയർവേസ് വിമാനത്തിലായിരുന്നു ആകാശലോകത്തെ പ്രസവം. നാട്ടിലേക്കുള്ള യാത്രക്കായി ദോഹയിൽ നിന്നും വിമാനത്തിൽ കയറിയ ഡോ. ഐഷ കാതിബ് തന്നെ ആ 'മിറാക്ക്ൾ' വിവരിക്കുന്നു. സൗദിയിൽ ഗാർഹിക തൊഴിലാളിയായ ജോലി ചെയ്യുന്ന ഉഗാണ്ട യുവതിയായിരുന്നു കുട്ടിയുടെ മാതാവ്. 35 ആഴ്ച ഗർഭിണിയായിരിക്കെ, നാട്ടിൽ സുഖപ്രസവത്തിനു വേണ്ടിയായിരുന്നു മാതാവ് ഉഗാണ്ടയിലേക്ക് യാത്ര ചെയ്തത്.
സംഭവ കഥ ഡോ. ഐഷ കാതിബ് വിവരിക്കുന്നത് ഇങ്ങനെ -'യാത്രക്കാരിൽ ഡോക്ടർമാരായി ആരെങ്കിലും ഉണ്ടോ എന്ന ഇന്‍റർകോം വഴി കാബിൻ ക്രൂവിന്‍റെ ശബ്ദംകേട്ടാണ് യാത്രയുടെ ആലസ്യത്തിൽ നിന്നും ഉണർന്നത്. ശബ്ദംകേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ ചെറിയ ആൾകൂട്ടം. യാത്രക്കാരിൽ ആർക്കെങ്കിലും ഹൃദയാഘാതമോ മറ്റോ സംഭവിച്ചുവെന്നായിരുന്നു ആദ്യം കരുതിയത്. ഉടൻ സ്ഥലത്തേക്ക് കുതിച്ചെത്തുമ്പോൾ വിമാനത്തിലെ സീറ്റിൽ പ്രസവവേദനയോടെ യുവതിയെയാണ് കാണുന്നത്.
തല വിമാനത്തിന്‍റെ ഇടനാഴിയിലേക്കും കാലുകൾ ജനലിനടുത്തേക്കുമായി യുവതി കിടക്കുന്നു. അപ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഡോക്ടേഴ്സ് വിതൗട് ബോർഡേഴ്സ് അംഗങ്ങളായ ശിശുരോഗ വിദഗ്ധനും മറ്റൊരു നഴ്സും സഹായത്തിനെത്തി. മിനിറ്റുകൾകൊണ്ട് വിമാനത്തിന്‍റെ ഒരു ഭാഗം ഞങ്ങൾ ലേബർ റൂമാക്കി മാറ്റി സുരക്ഷിത പ്രസവത്തിന് വഴിയൊരുക്കി. കരച്ചിലോടെ ജീവത്തിലേക്ക് വന്ന കുഞ്ഞു മാലാഖയെ ശിശുരോഗ വിദഗ്ധനായ സഹയാത്രികൻ പരിശോധിച്ചു.
ആരോഗ്യമുള്ള കുഞ്ഞ്. അമ്മയും സുരക്ഷിതം. ഏതാനും സമയം നീണ്ട പരിശോധനകൾക്കു ശേഷം ആകാംക്ഷയോടെ കാത്തിരുന്ന മറ്റു യാത്രക്കാരോടും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യവിവരങ്ങൾ പങ്കുവെച്ചു. മിനിറ്റുകളുടെ ടെൻഷൻ സന്തോഷങ്ങൾക്കും ആഘോഷത്തിനും വഴിവെച്ചു. കൈയടിച്ചും അഭിനന്ദിച്ചും എല്ലാവരും ആ സന്തോഷവാർത്ത സ്വാഗതം ചെയ്തു' -ഡോ. ഐഷ കാതിബ് വിശദീകരിക്കുന്നു.
ഈ കഥയുടെ ൈക്ലമാക്സായിരുന്നു കുട്ടിക്ക് പേരുവിളിയെന്ന് ഡോക്ടർ പറയുന്നു. ആകാശത്തെ അത്ഭുതമെന്ന നിലയിൽ മിറാക്ക്ൾ എന്നും, ഡോക്ടറുടെ പേരും കൂട്ടിച്ചേർത്ത് കുഞ്ഞുമാലാഖയെ വിളിച്ചത് 'മിറാക്ക്ൾ ഐഷ' എന്ന്. കഴിഞ്ഞ ഡിസംബർ അഞ്ചിന് നടന്ന സംഭവം, ജോലിത്തിരക്കുകൾ കാരണം ലോകവുമായി പങ്കുവെക്കാൻ വൈകിയെന്ന ക്ഷമാപണത്തോടെയാണ് ഇവർ ചിത്രങ്ങളും വിവരവും പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.