ദോഹ: പൊതു വിദ്യാലയങ്ങളിലെ പ്രവേശനത്തിനും, മാറ്റത്തിനുമായി പുതിയ അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 2024-25 അധ്യയന വർഷം വരെ രജിസ്ട്രേഷൻ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെ നേരത്തേയുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ ജൂൺ 20 വരെ തുടരും. ഖത്തരികൾക്കും ഖത്തരി സ്ത്രീകളിലെ കുട്ടികൾക്കും ജി.സി.സി പൗരന്മാരുടെ കുട്ടികൾക്കും അവരുടെ സഹോദരങ്ങൾ പ്രവേശനം നേടിയ അതേ സ്കൂളിൽ മുൻഗണന നൽകും. ഖത്തരി വിദ്യാർഥികൾ, ഖത്തരി സ്ത്രീകളുടെ കുട്ടികൾ, ജി.സി.സി പൗരന്മാർ എന്നിവർക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ 28ന് ആരംഭിച്ച് ജൂൺ 20 വരെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ മആരിഫ് പോർട്ടൽ വഴി മേയ് 26 മുതൽ എല്ലാ രാജ്യക്കാർക്കുമുള്ള രജിസ്ട്രേഷൻ ആരംഭിക്കും. ജൂൺ 20 വരെ നീളും. മക്കളുടെ രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാനും ആരോഗ്യ ഫയലുകളും മറ്റ് ആവശ്യമായ രേഖകളും ഉൾപ്പെടെയുള്ളവ കൃത്യമാണെന്ന് ഉറപ്പുവരുത്താനും രക്ഷിതാക്കളോട് അഭ്യർഥിച്ചു. 2024-2025 അധ്യയന വർഷത്തിൽ 16,584 പുതിയ വിദ്യാർഥികൾ രാജ്യത്തെ സർക്കാർ സ്കൂളുകളിൽ ചേരുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്റ്റുഡന്റ്സ് അഫയേഴ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ മർയം അലി അൽ നെസീഫ് അൽ ബൂഐനൈൻ ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ആകെ 214 പൊതു വിദ്യാലയങ്ങളാണുള്ളത്. ഇതിൽ 89 എലിമെന്ററി, 46 പ്രിപറേറ്ററി, 49 സെക്കൻഡറി സ്കൂളുകളും ഉൾപ്പെടും. ഒരേ സ്കൂളിൽ തന്നെ ഒന്നിലധികം തലങ്ങൾ ഉൾപ്പെടുന്ന 26 സംയുക്ത സ്കൂളുകൾ, നാല് മിശ്ര സ്കൂളുകൾ, 64 കിന്റർഗാർട്ടൻ സ്കൂളുകൾ എന്നിവയും ഇതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.