ദോഹ: കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിലും രാജ്യം വിവിധ മേഖലയിൽ മുന്നേറുകയാണെന്ന് ഗവ. കമ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ). രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾ വിജയകരമായി മുന്നേറുകയാണ്. 2019ൽ ഖത്തറിലെ വ്യവസായിക മേഖലയിലെ നിക്ഷേപം 263 ബില്യൺ കവിഞ്ഞു. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളുൾപ്പെടെ ഖത്തർ നാഷനൽ വിഷൻ 2030െൻറ പ്രാധാന്യവും നേട്ടങ്ങളും പദ്ധതികളും സംബന്ധിച്ചും ജി.സി.ഒ ട്വീറ്റ് ചെയ്തു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെയും ഊർജസ്വലമായ സ്വകാര്യമേഖലയുെടയും സഹായത്തോടെ ഉറച്ചതും വൈവിധ്യപൂർണവുമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് ഖത്തർ മുന്നേറുകയാണ്.
വൈജ്ഞാനിക അടിസ്ഥാനത്തിലൂന്നിയ സാമ്പത്തിക വ്യവസ്ഥയാണ് ഖത്തർ ആസൂത്രണം ചെയ്യുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളവും ഹമദ് തുറമുഖവും രാജ്യത്തിെൻറ സാമ്പത്തിക മേഖലയിൽ പ്രധാന സംഭാവന നൽകുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയിൽ പദ്ധതികളിലൊന്ന് നടപ്പാക്കിയത് ഖത്തറായിരുന്നു. 900ലധികം വ്യവസായശാലകളാണ് നിലവിൽ ഖത്തറിൽ പ്രവർത്തിക്കുന്നത്. കോവിഡ്-19 മഹാമാരിയിൽ പി.പി.ഇ കിറ്റുകളുടെ ഉൽപാദനവും വിതരണവും വേഗത്തിലാക്കിയതിൽ ഇവയുടെ പങ്ക് തമസ്കരിക്കാനാകില്ല.
പാലുൽപാദനത്തിൽ സ്വയംപര്യാപ്തത നേടിയ ഖത്തർ 2023ഓടെ പച്ചക്കറി ഉൽപാദനത്തിൽ 70 ശതമാനം സ്വയം പര്യാപ്തത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്-19നെ തുടർന്ന് സാമ്പത്തിക മേഖല മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധി നേരിട്ടപ്പോഴും സ്വകാര്യമേഖലക്ക് ഖത്തർ ഭരണകൂടത്തിെൻറ 75 ബില്യൺ സഹായം വില മതിക്കാനാകാത്തതായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനും ഖത്തർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഖത്തർ നാഷനൽ വിഷൻ 2030െൻറ ഒരു ലക്ഷ്യവും പരിസ്ഥിതിസംരക്ഷണത്തിലൂന്നിയുള്ളതാണ്. സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക വികസനവും സമന്വയിപ്പിച്ചാണ് വിഷൻ 2030ലേക്കുള്ള ചുവടുവെപ്പുകൾ. രാജ്യത്തിെൻറ ജൈവവൈവിധ്യം വിലമതിക്കാനാകാത്തതാണ്. അതിനാൽതന്നെ വളരെ വലിയ പ്രാധാന്യമാണ് ജൈവവൈവിധ്യ സംരക്ഷണത്തിന് നൽകുന്നത്. 2022ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ്, ലോകകപ്പിെൻറ ചരിത്രത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ടൂർണമെൻറാകും. ഖത്തറിെൻറ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് അത്യാധുനിക സൗകര്യത്തോടെയും ലോകോത്തര നിലവാരത്തോടെയുമുള്ള അക്വാറ്റിക് റിസർച് സെൻററും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
പരിസ്ഥിതിയെ മുന്നിൽ നിർത്തിയാണ് ഭാവി നഗരങ്ങൾ സ്ഥാപിക്കുന്നത്. മുശൈരിബ് ഡൗൺടൗൺ ദോഹ ലോകത്തിലെ പ്രഥമ സുസ്ഥിര ഡൗൺടൗൺ റീജനറേഷൻ പദ്ധതിയാണെന്നും ജി.സി.ഒ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.