ദോഹ: മധ്യവേനലവധി കഴിഞ്ഞ് ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ സെപ്റ്റംബർ ആദ്യവാരം ക്ലാസുകൾ ആരംഭിക്കാനിരിക്കെ മടക്ക യാത്രക്കൊരുങ്ങുന്ന പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റിന്റെ അനിയന്ത്രിത നിരക്കു വർധനക്കെതിരെ പാർലമെന്റിലും പുറത്തും ചർച്ചകൾ സജീവമായിട്ടും പ്രവാസികളുടെ ചൂഷണത്തിന് ഒട്ടും കുറവില്ലെന്നതാണ് അവസ്ഥ.
രണ്ടുമാസത്തെ വേനലവധിക്കുശേഷം സെപ്റ്റംബർ ആദ്യവാരത്തിലാണ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ തുറക്കുന്നത്. അവധിക്കാലത്ത് കുടുംബ സമേതം നാട്ടിലേക്ക് മടങ്ങിയവരുടെ തിരക്കായിത്തുടങ്ങിയതോടെ ആഗസ്റ്റ് അവസാന വാരം മുതൽ ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി വർധിച്ചു.
15,000 രൂപ നിരക്കിൽ ടിക്കറ്റ് ലഭ്യമായിരുന്ന റൂട്ടുകളിൽ ആഗസ്റ്റ് 20 മുതൽ തന്നെ 35,000ത്തിനും മുകളിലായി ഉയർന്നു. കോഴിക്കോട്-ദോഹ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന് 35,000 ആണ് നിലവിലെ നിരക്ക്. ആഗസ്റ്റ് 31ന് ഇത് 48,000 രൂപയിലുമെത്തിക്കഴിഞ്ഞു.ഇതേ റൂട്ടിൽ ഡൽഹി, ഹൈദരാബാദ് വഴിയുള്ള ഇൻഡിഗോ യാത്രക്ക് 30,000 രൂപയാണ് ആഗസ്റ്റ് 20ലെ നിരക്ക്. നാലര മണിക്കൂറിന് പകരം പത്ത് മണിക്കൂറോളമെടുത്തുവേണം ലക്ഷ്യസ്ഥാനത്ത് എത്തണമെന്നതിനാൽ കുടുംബ സമേതം യാത്രചെയ്യുന്നവർ പൊതുവേ ഈ റൂട്ട് തിരഞ്ഞെടുക്കുന്നില്ല. കോഴിക്കോട്നിന്ന് നേരിട്ടുള്ള വിദേശ വിമാനമായ ഖത്തർ എയർവേസിന് ഈ ദിവസങ്ങളിൽ 3500 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഗൾഫ് എയർ, എയർ അറേബ്യ, ഫ്ലൈനാസ് തുടങ്ങിയ കണക്ഷൻ വിമാനങ്ങൾക്കും തൊട്ടാൽ പൊള്ളും നിരക്കാണ് ആഗസ്റ്റ് 20 മുതലുള്ളത്.
ആഗസ്റ്റ് 30 കണ്ണൂർ-ദോഹ എയർ ഇന്ത്യക്ക് 29,000 രൂപയും, കൊച്ചിയിൽനിന്ന് 31,000ത്തിന് മുകളിലുമാണ് നിരക്ക്. ഇൻഡിഗോ എയർലൈൻസിന് കൊച്ചിയിൽനിന്നും ദോഹയിലേക്ക് ആഗസ്റ്റ് 20 മുതൽ 35,000ത്തോളം രൂപയായി ഉയർന്നു. കണ്ണൂരിൽനിന്നും ഇത് ആഗസ്റ്റ് 31 വരെയുള്ള തീയതികളിൽ 30,000 മുതൽ 38,000 വരെയായും ഉയർന്നു. സാധാരണ സീസണുകളേക്കാൾ മൂന്നു മുതൽ നാലിരട്ടിവരെയാണ് ടിക്കറ്റ് നിരക്ക് ഉയരുന്നത്. കണക്ഷൻ ഫ്ലൈറ്റുകളും ആശ്വാസകരമാവുന്നില്ല. എയർ ഇന്ത്യ എക്സ്പ്രസാണ് താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കുന്നത്. എന്നാൽ, നിരന്തരമായി സർവിസ് മുടങ്ങുന്നതും, അനിശ്ചിതമായ കാലതാമസവുമെല്ലാം എയർ ഇന്ത്യയിൽ ടിക്കറ്റെടുക്കാൻ പ്രവാസികളെ വിമുഖരാക്കുന്നതായി ട്രാവൽ ഏജൻസികൾ പറയുന്നു. മക്കൾ ഉൾപ്പെടെ കുടുംബ സമേതമുള്ള യാത്ര, കൃത്യസമയത്ത് ജോലിക്കും സ്കൂളിലും എത്തേണ്ട ആവശ്യം എന്നിവ പരിഗണിക്കുമ്പോൾ യാത്രക്കാർ റിസ്ക്കെടുക്കാനും തയാറാവുന്നില്ല. ജൂലൈയിൽ 15,000 രൂപക്ക് മടക്കയാത്ര ലഭിച്ച റൂട്ടിൽ ആഗസ്റ്റ് ആദ്യം മുതൽ തന്നെ നിരക്ക് ഉയർന്നുതുടങ്ങി.
മാസാവസാനത്തെ പെരും കൊള്ള ഭയന്ന് നേരത്തേ പുറപ്പെട്ടവർക്കാണ് ഈ തിരിച്ചടി നേരിട്ടത്. മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതൊഴിച്ചാൽ വലിയ ശതമാനം ആളുകളും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാണ് യാത്രചെയ്യുന്നത്. നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബത്തിന് നാലുലക്ഷം രൂപ വരെ നാട്ടിലെത്തി തിരിച്ചുവരാൻ വിമാന ടിക്കറ്റിന് മാത്രമായി ചെലവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.