ദോഹ: വിടവാങ്ങൽ ഒളിമ്പിക്സിൽ വെങ്കലവുമായി ഖത്തറിന്റെ സൂപ്പർ താരം മുഅതസ് ബർഷിം. ടോക്യോയിൽ നേടിയ സ്വർണം പാരീസിൽ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും, വെങ്കലവുമായി ഖത്തറിന്റെ എക്കാലത്തെയും മികച്ച കായിക താരത്തിന് മടക്കമായി. വീറുറ്റ മത്സരത്തിൽ ന്യുസിലൻഡിന്റെ ഹാമിഷ് കെർ സ്വർണവും, അമേരിക്കയുടെ ഷെൽബി മക്വെൻ വെള്ളിയും നേടിയപ്പോൾ 2.34 മീറ്റർ ചാടിയാണ് ബർഷിം വെങ്കലത്തിന് അവകാശിയായത്. സ്വർണവും വെള്ളിയും നേടിയവർ 2.36 മീറ്റർ എന്ന ഉയരം താണ്ടി.
തുടർച്ചയായി നാലാം ഒളിമ്പിക് മെഡൽ എന്ന അപൂർവ നേട്ടവുമായാണ് ഖത്തറിന്റെ പറക്കും മനുഷ്യൻ പോരാട്ടങ്ങളുടെ വേദിയോട് വിടവാങ്ങുന്നത്.
2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോയിലും വെള്ളി നേടിയ താരം, 2020 ടോക്യോയിൽ സ്വർണവുമായി ഹൈജംപ് പിറ്റ് വാണു. പാരീസ് ഒളിമ്പിക്സോടെ വിശ്വപോരാട്ടത്തിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചിറങ്ങിയ ബർഷിം വെങ്കലവുമായാണ് യാത്രയാവുന്നത്. ശനിയാഴ്ച രാത്രിയിൽ ആധികാരികമായായിരുന്നു തുടക്കം. 2.22 മീ, 2.27 മീ, 2.31 മീ, 2.34 മീ എന്നിവ ആദ്യശ്രമത്തിൽ തന്നെ കടന്ന താരത്തിന്, 2.36 മീറ്റർ എന്ന ഉയരം താണ്ടാൻ കഴിഞ്ഞില്ല. ഇതോടെയാണ് വെങ്കലത്തിൽ ഒതുങ്ങിയത്.
ടോക്യോ ഒളിമ്പിക്സിലെ സ്വർണമെഡൽ തിളക്കവുമായി പാരീസിലിറങ്ങിയ ഖത്തറിന്റെ വെയ്റ്റ്ലിഫ്റ്റർ ഫാരിസ് ഇബ്രാഹിം നിരാശപ്പെടുത്തി. 102 കിലോ വിഭാഗത്തിൽ മത്സരിച്ച ഫാരിസിന് മത്സരം ആദ്യ വിഭാഗമായ സ്നാച്ചിൽ മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ടാം ഘട്ടമായ ക്ലീൻ ആന്റ് ജെർകിൽ മത്സരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മത്സരം പൂർത്തിയാക്കാൻ കഴിയാതെ പിൻവാങ്ങിയത്.
ടോക്യോ ഒളിമ്പിക്സിൽ 96 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ഫാരിസ്, ഇത്തവണ ഉയർന്ന കിലോ വിഭാഗത്തിലാണ് മാറ്റുരച്ചത്. എന്നാൽ, നിർഭാഗ്യം തിരിച്ചടിയായി. ചൈനയുടെ ലിയു ഹുവാൻഹുവക്കണ് സ്വർണം. 406 കിലോ ഉയർത്തിയാണ് ലിയു സ്വർണം നേടിയത്. ഉസ്ബെകിസ്താന്റെ അക്ബർ ജുറാവ് വെള്ളിയും, യെഹ്വൻ സുഖനോറ്റ്സോ വെങ്കലവും നേടി.
400 മീറ്റർ ഹർഡിൽസ് ഫൈനലിൽ മാറ്റുരച്ച ഖത്തറിന്റെ അബ്ദുറഹ്മാൻ സാംബ ആറാമതായാണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തിൽ അമേരിക്കയുടെ ബെഞ്ചമിൻ റായ് സ്വർണം നേടി. ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ച അബ്ദുറഹ്മാൻ സാംബ 47.98 സെക്കൻഡിൽ ഫിനിഷ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.