ദോഹ: കോവിഡ് മഹാമാരിയെത്തുടർന്നുള്ള മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അൽ ജസീറ ഫോറത്തിന്റെ 14ാമത് പതിപ്പിന് ദോഹയിൽ ശനിയാഴ്ച തുടക്കംകുറിച്ചു. ‘മിഡിലീസ്റ്റും യുക്രെയ്നെതിരായ റഷ്യൻ യുദ്ധവും: വളരുന്ന പ്രതിസന്ധികളും അവസരങ്ങളും’എന്ന തലക്കെട്ടിൽ ആരംഭിച്ച ഫോറത്തിൽ ഗവേഷകരും രാഷ്ട്രീയനിരീക്ഷകരും വിദഗ്ധരുമാണ് പാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്.
14ാമത് അൽ ജസീറ ഫോറത്തിൽ 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രെയ്നെതിരായ റഷ്യൻ യുദ്ധത്തെ വിശകലനം ചെയ്തു. യുദ്ധത്തിന്റെ പ്രതികൂലമായും ക്രിയാത്മകമായും നേരിട്ടും അല്ലാതെയുമുള്ള പ്രത്യാഘാതം വിലയിരുത്തി.
യുദ്ധം അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും എങ്ങനെ ഭീഷണിയാവുന്നു. ഒപ്പം, കൂടുതൽ സന്തുലിതമായ ലോകക്രമം രൂപവത്കരിക്കാനുള്ള അവസരമായി ഇതിനെ കാണാമോ എന്നത് സംബന്ധിച്ച് ആദ്യ പാനൽ ചർച്ചയിൽ പങ്കെടുത്തവർ സംസാരിച്ചു. റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവും ബന്ധത്തിന്റെ വികാസത്തെ ഇതെങ്ങനെ ബാധിക്കുമെന്നും വിശദീകരിച്ചു.
ഉദ്ഘാടന സെഷനിൽ അൽ ജസീറ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് ഹമദ് ബിൻ ഥാമർ ആൽഥാനി, ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ മാജിദ് അൽ അൻസാരി എന്നിവർ സംസാരിച്ചു.
ആദ്യ സെഷനിൽ കുവൈത്ത് സർവകലാശാലയിലെ രാഷ്ട്രമീംമാസാവിഭാഗം ഡയറക്ടറും പ്രഫസറുമായ അബ്ദുല്ല അൽ ഷയ്ജി, നൗഫ് അൽ ദൗസരി, ഗൾഫ് റിസർച് സെന്റർ സ്ഥാപകനും ചെയർമാനുമായ അബ്ദുൽ അസീസ് സാഗെർ, ഖത്തർ യൂനിവേഴ്സിറ്റി ഗൾഫ് സ്റ്റഡീസ് സെന്റർ ഡയറക്ടർ മഹ്ജൂബ് സ്വിവൈരി എന്നിവർ പാനലിസ്റ്റുകളായിരുന്നു.
ഉച്ചക്ക് ശേഷം നടന്ന രണ്ടാം സെഷനിൽ ഇൻഡിപെൻഡന്റ് ഡിഫൻസ് ആന്റി കറപ്ഷൻ കമ്മിറ്റി സെക്രട്ടറി ജനറൽ ഒലേന ട്രേഗബ്, റഷ്യൻ സർവകലാശാല അസോസിയേറ്റ് പ്രഫസർ ലിയോനിഡ് ഇസായേവ്, അൽ ജസീറ സെന്റർ ഫോർ സ്റ്റഡീസ് സീനിയർ റിസർചർ ലിഖാഅ് മക്കി അൽ അസ്സാവി, ഖത്തർ യൂനിവേഴ്സിറ്റി പ്രഫസർ ഹസൻ ബരാരി എന്നിവർ പങ്കെടുത്തു.
രണ്ടാം ദിനമായ ഞായറാഴ്ച യുദ്ധവും മിഡിലീസ്റ്റും: വ്യത്യസ്ത പ്രാദേശിക പങ്കാളികളുടെ വെളിച്ചത്തിൽ എന്ന വിഷയത്തിൽ വിദഗ്ധർ സംസാരിക്കും. തുർക്കിയയുടെ വ്യത്യസ്ത ചുമതലകൾ, ഇറാനും ആണവ ഫയലും, ഫലസ്തീൻ വിഷയത്തിൽ യുദ്ധത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ഞായറാഴ്ച നടക്കുന്ന സെഷനുകളിൽ കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.