ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി), ആസിയാൻ രാജ്യങ്ങളുടെ ഉച്ചകോടിക്ക് പങ്കെടുക്കാനായി റിയാദിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം അമീറും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫോണിൽ സംഭാഷണം നടത്തിയിരുന്നു. അതിനു പിന്നാലെ, ആരംഭിച്ച ഗൾഫ് പര്യടനത്തിനിടെയാണ് ഋഷി സുനക് റിയാദിൽ ഖത്തർ അമീറുമായും കൂടിക്കാഴ്ച നടത്തിയത്. ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നതിനിടെയാണ് ഇരു രാഷ്ട്രത്തലവന്മാരും കാണുന്നത്. സാധാരണക്കാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിൽ ഇരു നേതാക്കളും ഞെട്ടലും കടുത്ത ആശങ്കയും അറിയിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് ചെയ്തു. ഗസ്സയിലേക്കുള്ള മാനുഷിക ഇടനാഴി ഉടൻ തുറന്ന്, ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പെടെ അവശ്യവസ്തുക്കൾ ലഭ്യമാക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും അമീറിനൊപ്പമുണ്ടായിരുന്നു.
ഉച്ചകോടിയുടെ ഭാഗമായി ആസിയാൻ അംഗരാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും അമീർ റിയാദിൽ കൂടിക്കാഴ്ച നടത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ഹിസെന ലൂങ്, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ എന്നിവരുമായാണ് അമീർ കൂടിക്കാഴ്ച നടത്തിയത്. രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി സൗഹൃദം, വിവിധ മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ച് ചർച്ചകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.