ദോഹ: അത്യാധുനിക മാർഗങ്ങൾ പിന്തുടർന്ന് മാലിന്യ നിർമാർജനം ചടുലമാക്കുകയാണ് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. 'ഔൻ' ആപ്ലിക്കേഷനിലെ പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പരിഷ്കാരം. പുനരുപയോഗം ചെയ്യുന്നതിനുള്ള മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട ഏറ്റവും അടുത്ത കേന്ദ്രങ്ങൾ അറിയാൻ സാധിക്കുന്ന പുതിയ ഫീച്ചർ 'ഔൻ' ആപ്പിൽ കൂട്ടിച്ചേർത്തുകൊണ്ട് നവീകരണം നടപ്പാക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും മുൻനിർത്തി രാജ്യം മുന്നോട്ടു വെക്കുന്ന പദ്ധതികളുടെ ഭാഗമായി മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്ന പരിപാടിക്ക് പിന്തുണ നൽകാൻ 'ഔൻ' ആപ്പിലെ പുതിയ ഫീച്ചർ പൊതുജനങ്ങൾക്ക് സഹായകമാകുമെന്നും മാലിന്യങ്ങൾ അതിെൻറ തുടക്കത്തിൽ തന്നെ വേർതിരിക്കാൻ ഇത് സാധ്യമാക്കുമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം പൊതു ശുചിത്വ വിഭാഗം മേധാവി മുഖ്ബിൽ മദ്ഹൂർ അൽ ശമ്മാരി പറഞ്ഞു.
ഏത് രാജ്യത്തിെൻറയും വളർച്ചയെ നിർണയിക്കുന്നതിൽ ശുചിത്വം പ്രധാന ഘടകമാണെന്നും മാലിന്യങ്ങൾ തുടക്കത്തിൽ തന്നെ വേർതിരിക്കുകയെന്നത് പൊതുശുചിത്വത്തിെൻറ ഭാഗമാണെന്നും മുഖ്ബിൽ അൽ ശമ്മാരി ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഭൂമിയിലേക്ക് തള്ളുന്ന മാലിന്യത്തിെൻറ അളവ് ഗണ്യമായി കുറക്കാനും സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പുവരുത്താനും ഇതിലൂടെ സാധ്യമാകുന്നുവെന്നും അൽ ശമ്മാരി വ്യക്തമാക്കി.
ഖരമാലിന്യങ്ങൾ തുടക്കത്തിൽ തന്നെ വേർതിരിക്കുന്നത് സംബന്ധിച്ച മന്ത്രിതല തീരുമാനം രാജ്യത്ത് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യുന്നതെന്ന് പ്രചോദനമേകുമെന്നും മാലിന്യം അതിെൻറ ഉൽഭവത്തിൽ നിന്ന് തന്നെ വേർതിരിക്കാനുള്ള പരിപാടികൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്്ദുല്ല ബിൻ അബ്്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ മാലിന്യങ്ങൾ വേർതിരിക്കുന്നത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. സമൂഹത്തിൽ റീസൈക്ലിങ് സംസ്കാരം വളർത്തുന്നതിനും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും 2018ൽ പൊതുബോധവത്കരണ കാമ്പയിന് മന്ത്രാലയം തുടക്കം കുറിച്ചിരുന്നുവെന്നും 2019ൽ മാലിന്യങ്ങൾ തുടക്കത്തിൽ തന്നെ വേർതിരിക്കുന്നതിന് പ്രത്യേക പരിപാടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.