ദോഹ: ഫിഫ അറബ് കപ്പ് മത്സര ദിനങ്ങളിൽ റെക്കോഡ് സർവിസുകൾ നടത്തി ദോഹ മെട്രോ. കളിയാരാധകരെയും, മറ്റുയാത്രക്കാരെയും ലക്ഷ്യത്തിലെത്തിക്കാനായി മത്സരദിനങ്ങളിൽ ഒരു ലക്ഷത്തോളം സർവിസ് നടത്തിയതായി ഖത്തർ റെയിൽ അസറ്റ് മാനേജ്മെൻറ് ഉദ്യോഗസ്ഥൻ എൻജിനീയർ ഹംദാൻ അൽ മുല്ല അറിയിച്ചു. മൂന്ന് ലൈനുകളിലായി 110 ട്രെയിനുകളാണ് ഓടുന്നത്. 76 കി.മീ വരുന്ന റൂട്ടില്‍ 37 സ്റ്റേഷനുകളാണുള്ളത് -അറബ് കപ്പിനിടയിലെ സേവനങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് എടുത്ത്, ഫാൻ ഐ.ഡി സ്വന്തമാക്കിയ യാത്രക്കാർക്ക് മൊട്രോയിൽ യാത്ര സൗജന്യമാക്കിയതും, എല്ലാ സ്റ്റേഡിയങ്ങളിലേക്കും എത്തിച്ചേരാൻ വഴിയൊരുക്കിയതും കാണികളെ മെട്രോയിലേക്ക് കൂടുതലായി ആകർഷിക്കുന്നു.
സ്റ്റേഷനുകളിൽ കാണികളെ വരവേൽക്കാനും, യാത്ര സുഖമമാക്കാനും വഴിയൊരുക്കാനുമായി വളൻറിയർമാരുടെ സേവനവുമുണ്ട്. റാസ് അബൂ അബൂദ് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം എന്നീ സ്റ്റേഡിയങ്ങൾക്ക് അരികിലായി മെട്രോ സർവിസുണ്ട്. റാസ് അബൂഅബൂദിലേക്ക് ഗോൾഡൻ ലൈൻ, എജുക്കേഷൻ സിറ്റിയിൽ ഗ്രീൻ ലൈൻ, അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിനരികിലെ റിഫ സ്റ്റേഷനിലേക്ക് ഗ്രീൻ ലൈൻ എന്നീ റൂട്ടുകളാണ് ബന്ധിപ്പിക്കുന്നത്. അൽ ബെയ്ത്, അൽ തുമാമ, അൽ ജനൂബ് സ്റ്റേഡിയങ്ങളുമായി നേരിട്ട് മെട്രോ ബന്ധമില്ലെങ്കിലും മെട്രോ ലിങ്ക് ബസുകൾ വഴി യാത്ര എളുപ്പമാക്കാനുള്ള സൗകര്യമുണ്ട്. ഫിഫ അറബ് കപ്പ് പ്രമാണിച്ച് മെട്രോയുടെ പ്രവർത്തന സമയം രാവിലെ ആറ് മുതൽ അടുത്ത ദിവസം പുലർച്ചെ മൂന്നു മണിവരെയാക്കി മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതു മുതൽ പുലർച്ചെ മൂന്നുവരെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.