ദോഹ: നാലു ദിവസങ്ങളിലായി ദോഹ ഓൾഡ് പോർട്ടിലെ കടൽപരപ്പിൽ അതിശയക്കാഴ്ചയൊരുക്കി പ്രഥമ ഖത്തർ ബോട്ട് ഷോ സമാപിച്ചു. ബുധനാഴ്ച തുടങ്ങി ശനിയാഴ്ച സമാപിച്ച ബോട്ട് ഷോ റെക്കോഡ് സന്ദർശകരുടെ സാന്നിധ്യത്താൽ വൻവിജയമായാണ് കൊടിയിറങ്ങിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആഡംബര ബോട്ടുകളുടെയും മറ്റും ഏറ്റവും വലിയ ഒത്തുചേരലിനുള്ള വേദിയൊരുക്കിയാണ് ഷോ സമാപിച്ചത്. നാലു ദിവസങ്ങളിലായി 20,000ത്തോളം സന്ദർശകർ എത്തിയതായി ഷോ സംഘാടകസമിതി ചെയർമാനും ദോഹ ഓൾഡ് പോർട്ട് സി.ഇ.ഒയുമായ മുഹമ്മദ് അബ്ദുല്ല അൽ മുല്ല അറിയിച്ചു.
ഇതോടൊപ്പം വിവിധ മേഖലകളിലെ കരാറുകൾക്കും, വിൽപനകൾക്കും സാക്ഷ്യം വഹിക്കുകയും ചെയ്തു. 11 രാജ്യങ്ങളിൽനിന്നുള്ള 75 കമ്പനികളുടെ സാന്നിധ്യമായിരുന്നു പ്രഥമ ബോട്ട് ഷോയുടെ സവിശേഷത. വൈവിധ്യമാർന്ന നൂറിലേറെ ബോട്ടുകളും പ്രദർശനവും നടന്നു.
പ്രദർശനത്തിലെ 60 ശതമാനവും ഖത്തരി കമ്പനികൾക്കായി മാറ്റിവെച്ചതായി മുഹമ്മദ് അബ്ദുല്ല അറിയിച്ചു. ഖത്തറിന്റെ സമ്പന്നമായ കടൽ പാരമ്പര്യവും, കടൽ വിനോദ വ്യവസായ മേഖലയിലെ പുതുമയേറിയ ചുവടുവെപ്പും ലോകത്തിന് പരിചയപ്പെടുത്തുന്നതായിരുന്നു ഈ സാന്നിധ്യം.
ഖത്തറിന്റെ വിനോദ സഞ്ചാരമേഖലയെ, പ്രത്യേകിച്ച് സമുദ്ര വിനോദത്തെ സജീവമാക്കുന്നതാണ് ബോട്ട് ഷോയെന്നും അന്താരാഷ്ട്ര തലത്തിലെ വമ്പൻ കമ്പനികളുടെ പങ്കാളിത്തം പുതിയ മേഖലകളിലേക്കുള്ള പ്രയാണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറു മത്സ്യബന്ധന ബോട്ടുകളും സ്പോർട്സ്, റേസിങ് ബോട്ടുകൾ മുതൽ കോടികൾ വിലമതിക്കുന്ന അത്യാഡംബര യാട്ടുകളും വരെ കാഴ്ചക്കാർക്ക് കടൽ വിസ്മയമൊരുക്കിയാണ് ഷോ സമാപിച്ചത്.
മലയാളികൾ ഉൾപ്പെടെ കാഴ്ചക്കാരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.