ദോഹ: സെർവിക്കൽ കാൻസർ (ഗർഭാശയ അർബുദം) പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ വാക്സിന് അംഗീകാരം നൽകി പൊതുജനാരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ മെഡിസിൻ ഏജൻസി എന്നിവർ ശിപാർശ ചെയ്യുന്ന എച്ച്.വി.പി വാക്സിനാണ് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്.
ശരീരഭാരം കുറക്കുന്നതിനുമുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് എച്ച്.വി.പി വാക്സിൻ അവതരിപ്പിക്കുന്നതെന്ന് ആരോഗ്യ സംരക്ഷണ, സാംക്രമികരോഗ വിഭാഗം മേധാവി ഡോ. ഹമദ് ഇ അൽ റുമൈഹി പറഞ്ഞു. ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) സംബന്ധമായ കാൻസറുകളെയും മറ്റ് രോഗാവസ്ഥകളെയും തടയാൻ കഴിവുള്ളതാണ് വാക്സിനെന്നും ലോകമെമ്പാടുമുള്ള 125 രാജ്യങ്ങളിൽ ഈ വാക്സിൻ ദേശീയ പ്രതിരോധ പദ്ധതികളിൽ ഉപയോഗിക്കുന്നുവെന്നും ഡോ. ഹമദ് അൽറുമൈഹി കൂട്ടിച്ചേർത്തു.
എച്ച്.വി.പി അണുബാധയിൽ സാധാരണയായി രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല. അതിനാൽ മിക്ക കേസുകളിലും രോഗനിർണയം വൈകാൻ ഇത് ഇടയാക്കുന്നുവെന്ന് എച്ച്.എം.സിയിലെ സി.സി.സി ഹോസ്പിറ്റൽ മേധാവി ഡോ. മുന അൽ മസ്ലമാനി പറഞ്ഞു. എച്ച്.വി.പി അണുബാധ തടയുന്നതിന് നിർദേശിക്കപ്പെട്ട എല്ലാ വാക്സിൻ ഷോട്ടുകളും നിർദിഷ്ട സമയത്തിനുള്ളിലോ പ്രായത്തിലോ സ്വീകരിക്കുകയെന്നതാണ് പോംവഴിയെന്നും ഡോ. അൽ മസ്ലമാനി കൂട്ടിച്ചേർത്തു.
കാൻസറിന്റെ വിനാശകര സ്വഭാവവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ ഭാരവും വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരവും കണക്കിലെടുത്ത്, അത് തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതിന് മുൻഗണന നൽകണമെന്ന് പി.എച്ച്.സി.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അൽ അബ്ദുല്ല പറഞ്ഞു. എച്ച്.വി.പിയുമായി ബന്ധപ്പെട്ട കാൻസർ തടയാൻ സുരക്ഷിതവും ഫലപ്രദവുമായ വാക്സിനാണിതെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പതിവ് പ്രതിരോധ സേവനങ്ങളിൽ എച്ച്.പി.വി വാക്സിൻ ചേർത്തിട്ടുണ്ടെന്നും ഡോ. സംയ അബ്ദുല്ല കൂട്ടിച്ചേർത്തു.
ഖത്തറിലെ എച്ച്.പി.വി വാക്സിന് ഒമ്പത് തരം എച്ച്.പി.വികളിൽനിന്ന് സംരക്ഷണം നൽകാൻ കഴിയുമെന്ന് ആരോഗ്യമന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.