ദോഹ: രാജ്യത്ത് കോവിഡിനെതിരായ പോരാട്ടത്തിൽ മികച്ച പങ്കാണ് കോവിഡ് ആശുപത്രികൾ വഹിക്കുന്നത്. മഹാമാരി വ്യാപകമാകുന്നതിന് മുേമ്പ പ്രത്യേക കോവിഡ് ആശുപത്രികൾ രാജ്യം സജ്ജമാക്കിയിരുന്നു. രോഗികൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് നേരത്തേ ലെബ്സെയർ ഫീൽഡ് ആശുപത്രി പ്രവർത്തനം നിർത്തിയിരുന്നു. ഈ കേന്ദ്രം ഇപ്പോൾ ഐസൊലേഷൻ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ദുഖാൻ റോഡിൽ ശഹാനിയക്ക് സമീപമാണ് ലെബ്സെയർ ഫീൽഡ് ആശുപത്രി. 504 കിടക്കകളാണ് സജ്ജമാക്കിയിരുന്നത്. 170 നഴ്സുമാരും 25 ഡോക്ടർമാരും ഇവിടെ കർമരംഗത്തുണ്ടായിരുന്നു.
റാസ് ലഫാൻ ആശുപത്രി, മിസൈദ് ആശുപത്രി എന്നിവക്ക് ശേഷം അടച്ചുപൂട്ടുന്ന മൂന്നാമത്തെ കോവിഡ് -19 ആശുപത്രിയാണ് ലെബ്സെയർ. കോവിഡ് രോഗികളെ മാത്രം ചികിത്സിക്കുന്നതിനായി നിർമിച്ച റാസ് ലഫാൻ ആശുപത്രിയിൽ നിന്ന് രോഗമുക്തരായത് 4000ത്തിലധികം പേരാണ്. രോഗം നിയന്ത്രണ വിധേയമാക്കുന്നതിൽ റാസ് ലഫാൻ ആശുപത്രി വലിയ പങ്കാണ് വഹിച്ചത്.
കഴിഞ്ഞ മാസം ആദ്യത്തിലാണ് റാസ് ലഫാൻ ആശുപത്രിയിൽ നിന്നുള്ള കോവിഡ് -19 രോഗികളുടെ അവസാന സംഘവും രോഗമുക്തരായി ആശുപത്രി വിട്ടത്. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി രോഗികളെ സന്ദർശിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പ്രശംസ അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് -19 രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഏപ്രിൽ 21ന് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി റാസ് ലഫാനിൽ പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക ആശുപത്രി തുറന്നത്.
പ്രവർത്തനം തുടങ്ങുമ്പോൾ 94 കിടക്കകൾ മാത്രമായിരുന്ന ആശുപത്രിയിൽ പിന്നീട് 762 കിടക്കകളെത്തി. 32 ഐ.സി.യു കിടക്കകളും ഇവിടെയുണ്ടായിരുന്നു. രോഗപരിചരണത്തിനായി ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമുൾപ്പെടെ 600ലധികം ആരോഗ്യവിദഗ്ധരാണ് ഇവിടെ സേവനമനുഷ്ഠിച്ചിരുന്നത്.
റാസ് ലഫാൻ ആശുപത്രിയിൽ മികച്ച സേവനം നൽകുന്നതിൽ നഴ്സുമാർ വലിയ പങ്കാണ് വഹിച്ചതെന്നും അതിൽ ഏറെ അഭിമാനിക്കുന്നുവെന്നും റാസ് ലഫാൻ ആശുപത്രി നഴ്സിങ് മേധാവിയും ആംബുലേറ്ററി കെയർ സെൻറർ നഴ്സിങ് അസി. എക്സിക്യൂട്ടിവ് ഡയറക്ടറുമായ സഅദിയ അഹ്മദ് അൽ ഹുബൈൽ പറഞ്ഞു.
റാസ് ലഫാനിലെ നഴ്സിങ് ടീമിനാവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ ആംബുലേറ്ററി കെയർ സെൻറർ ശ്രമിച്ചിട്ടുണ്ടെന്ന് ആംബുലേറ്ററി കെയർ നഴ്സിങ് എജുക്കേഷൻ മേധാവി മുന അൽ ഹിത്മി പറഞ്ഞു.മിസൈദ് ആശുപത്രിയിലും മികച്ച കോവിഡ് ചികിത്സ സംവിധാനങ്ങൾ സജ്ജമായിരുന്നു. ഹസം മിബൈരീക് ജനറൽ ആശുപത്രി, ക്യൂബൻ ആശുപത്രി, സി.ഡി.സി എന്നിവയിലും കോവിഡ് -19 ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഇതിനു പുറമേ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിലെ നാല് ഹെൽത്ത് സെൻററുകൾ പ്രത്യേക കോവിഡ് -19 പരിശോധന കേന്ദ്രങ്ങളാണ്. കോവിഡുമായി ബന്ധപ്പെട്ട തുടർസൗകര്യങ്ങളും ലഭിക്കുന്ന ടെസ്റ്റിങ് ആൻഡ് ഹോൾഡ് കേന്ദ്രങ്ങളായാണ് ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്.മുഐദർ ഹെൽത്ത് സെൻറർ, റൗദത് അൽ ഖൈൽ ഹെൽത്ത് സെൻറർ, ഉം സലാൽ ഹെൽത്ത് സെൻറർ, അൽ ഗറാഫ ഹെൽത്ത് സെൻറർ എന്നിവയാണ് ഈ ആശുപത്രികൾ.
സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി പരിശോധനകൾ കൂടുതൽ വിപുലീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ പി.എച്ച്.സി.സിക്ക് കീഴിലെ ഈ നാല് കോവിഡ് ടെസ്റ്റ് ആൻഡ് ഹോൾഡ് സെൻററുകളിലൊന്നിൽ നേരിട്ട് ബന്ധപ്പെടാം. വളരെ നേരത്തേതന്നെ രോഗം കണ്ടെത്തുന്നത് വളരെ പ്രധാനപ്പെട്ടതായതിനാലാണ് രാജ്യത്തെ എല്ലാ ഭാഗത്തുമുള്ള ആളുകൾക്കും ചികിത്സ കിട്ടത്തക്ക വിധത്തിൽ പൊതുജനാരോഗ്യ മന്ത്രാലയവും പ്രൈമറി ഹെൽത്ത് കെയറും നടപടിയെടുത്തത്.
ഗർഭിണികളെയും നവജാത ശിശുക്കളെയും കോവിഡ് -19ൽ നിന്നും സംരക്ഷിക്കുന്നതിനായി പ്രത്യേക ചികിത്സ നൽകുന്നതിനായി ഹമദ് മെഡിക്കൽ കോർപറേഷൻ ക്യൂബൻ ആശുപത്രിയെ തിരഞ്ഞെടുത്തിരുന്നു. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും കോവിഡ് -19 സംരക്ഷണം നൽകുന്നതിന് വേണ്ടി എച്ച്.എം.സി നടപടികളുടെ ഭാഗമായാണിത്. പ്രസവത്തിനായി എച്ച്.എം.സിക്ക് കീഴിലുള്ള ആശുപത്രികളിലേക്ക് പോകുന്നവരെ നിർബന്ധമായും കോവിഡ് -19 പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധന ഫലം പോസിറ്റിവ് ആകുകയാണെങ്കിൽ അവരെ പ്രത്യേകം തയാറാക്കിയ ക്യൂബൻ ആശുപത്രിയിലേക്ക് മാറ്റുന്നു.
അണുബാധ ഒഴിവാക്കുന്നതിന് കർശന നിയന്ത്രണ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജനന സമയത്തോ മുലയൂട്ടൽ സമയത്തോ കോവിഡ് -19 രോഗിയായ മാതാവിൽ നിന്നും കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യത വളരെ വിരളമാണ്. രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്നു മുതൽ നാലു വരെ ശതമാനം 14 വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നു.അന്താരാഷ്ട്ര തലത്തിൽതന്നെ കോവിഡ് -19 ബാധിക്കുന്നവരിൽ കുട്ടികളുടെ എണ്ണം വളരെ കുറവാണ്. അതിൽതന്നെയും വളരെ ചുരുക്കം പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. എന്നിട്ടും കുട്ടികളുടെ കാര്യത്തിൽ ജാഗ്രതയോടെയുള്ള നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.