ദോഹ: ഗൾഫ് പ്രവാസികൾക്കായി ഖത്തർ സംസ്കൃതി ഏർപ്പെടുത്തിയ 'സംസ്കൃതി സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം' ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. ഈ വർഷത്തെ പുരസ്കാര ജേതാവ് യു.എ.ഇ പ്രവാസിയായ എഴുത്തുകാരൻ സാദിഖ് കാവിലിനുവേണ്ടി സുഹൃത്ത് ഏറ്റുവാങ്ങി. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, സംസ്കൃതി ഭാരവാഹികൾ, മുൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്കൃതി പ്രസിഡൻറ് അഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി എ.കെ. ജലീൽ എന്നിവർ ചേർന്ന് കൈമാറി.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി 75 ചെറുകഥകളാണ് ഈ വർഷം പുരസ്കാര നിർണയത്തിന് പരിഗണിച്ചത്. കൂടുതൽ പ്രവാസി എഴുത്തുകാർക്ക് പങ്കെടുക്കാവുന്ന തരത്തിൽ കേരളത്തിനു പുറത്തുള്ള മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി സംസ്കൃതി സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം വിപുലീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എ.കെ. ജലീൽ സ്വാഗതം പറഞ്ഞു. പുരസ്കാര സംഘാടക സമിതി കൺവീനർ ഇ.എം. സുധീർ, പി.എൻ. ബാബുരാജൻ എന്നിവർ സംസാരിച്ചു. പുരസ്കാര നിർണയ സമിതി അംഗമായ സാഹിത്യകാരനും നിരൂപകനുമായ ഇ.പി. രാജഗോപാലൻ കഥകളെ വിലയിരുത്തിയും, പുരസ്കാര ജേതാവ് സാദിഖ് കാവിൽ മറുപടിപ്രസംഗവുമായും ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. സംസ്കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.