ദോഹ: ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ മേഖലാ യോഗ്യത മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ യു.എ.ഇയോട് തോറ്റുവെങ്കിലും അടുത്ത മത്സരത്തിൽ ടീം ശക്തമായി തിരികെയെത്തുമെന്ന് കോച്ച് മാർക്വേസ് ലോപസ്.
വ്യാഴാഴ്ച രാത്രിയിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-1നായിരുന്നു ഖത്തറിന്റെ തോൽവി. കളിയുടെ ആദ്യ പകുതിയിൽ ലീഡ് നേടി മുന്നിൽ നിൽക്കുകയും, മികച്ച കളി പുറത്തെടുക്കുകയും ചെയ്തിട്ടും ടീം തോൽവി വഴങ്ങിയത് നിരാശപ്പെടുത്തിയതായി മത്സര ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ കോച്ച് പറഞ്ഞു.
ആദ്യ പകുതിയിൽ നേടിയ ലീഡും, മുൻതൂക്കവും രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതോടെ നഷ്ടമായി. ആദ്യ കളി തോറ്റുവെങ്കിലും ടീമിന്റെ ലോകകപ്പ് സാധ്യതകൾ നിലനിൽക്കുന്നു. ശേഷിക്കുന്ന ഒമ്പത് മത്സരങ്ങൾ മുന്നിലുണ്ട്. അതിനായി ഒരുങ്ങുകയാണ് ലക്ഷ്യം -കോച്ച് മാർക്വേസ് ലോപസ് പറഞ്ഞു.
സെപ്റ്റംബർ പത്തിന് ഉത്തര കൊറിയക്കെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. തോൽവിയുടെ ക്ഷീണത്തിൽ തിരികെയെത്താൻ നിർണായകമാണ് ഗ്രൂപ്പിലെ രണ്ടാം അങ്കം. കൊറിയയിലാണ് മത്സരം. ഒക്ടോബർ 10ന് കിർഗിസ്താനെതിരെയും, 15ന് തെഹ്റാനിൽ ഇറാനെയും, നവംബർ 14ന് ഉസ്ബകിസ്താനെയും നേരിടും.
ടീമിലെ താരങ്ങളുടെ പ്രകടനത്തിൽ കോച്ച് ലോപസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യ മത്സരത്തിലെ വീഴ്ചകൾ പരിഹരിച്ച് ശക്തമായി തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.