ദോഹ: വെറും 45 മിനിറ്റിനുള്ളിൽ ആകാശത്തിരുന്ന് ദോഹയും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളും ചുറ്റിക്കാണാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി ഡിസ്കവർ ഖത്തർ. ചെറു വിമാനത്തിലേറി നഗരത്തിലെയും മറ്റും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക, കായിക വേദികളുമെല്ലാം കണ്ടു മടങ്ങിയെത്താവുന്ന കിടിലൻ എയർ ടൂർ. ഏഷ്യ, യൂറോപ്പ്, അമേരിക്ക രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രികരുടെ പ്രധാന ട്രാൻസിറ്റ് ഹബ് എന്ന നിലയിൽ ദോഹയിലെത്തുന്ന യാത്രക്കാർക്കും ഖത്തർ സന്ദർശനത്തിനെത്തുന്നവർക്കും ഡിസ്കവർ ഖത്തർ എയർടൂറിലൂടെ നാട് കാണം. എട്ടു പേർക്ക് ഇരിക്കാവുന്ന ഒറ്റഎഞ്ചിൻ ചെറു വിമാനമായ ‘സെസ്ന 208 കരാവൻ’ ആണ് എയർടൂറിനായി ഡിസ്കവർ ഖത്തർ അവതരിപ്പിക്കുന്നത്.
45 മിനിറ്റിൽ ഖത്തർ ചുറ്റാം
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രീമിയർ ടെർമിനലിൽ നിന്നും പറന്നുയരുന്ന വിമാനം ലോകകപ്പ് ഫുട്ബാൾ വേദിയായ അൽ തുമാമ സ്റ്റേഡിയത്തിനു മുകളിലൂടെയാണ് പറന്നു തുടങ്ങുന്നത്. തുടർന്ന് ആസ്പയർ സോണ, എജുക്കേഷൻ സിറ്റി, ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം, അൽ ബെയ്ത് സ്റ്റേഡിയം, കണ്ടൽക്കാടുകളുടെ കേന്ദ്രമായ അൽ താകിറ എന്നിവയുടെ സുന്ദരമായ ആകാശക്കാഴ്ച നൽകും. തുടർന്ന് പേൾ ഐലൻഡ്, അൽ സഫ്ലിയ ഐലൻഡ്, കതാറ കൾചറൽ വില്ലേജ്, വെസ്റ്റ് ബേ എന്നിവയും കറങ്ങി കോർണിഷ്, നാഷനൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, 974 സ്റ്റേഡിയവും കടന്ന് വിമാനത്താവളത്തിൽ തന്നെ പറന്നിറങ്ങുന്നതോടെ ദോഹയുടെയും ഖത്തറിന്റെയും കാഴ്ചകൾ പൂർത്തിയാകും. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളെല്ലാം ആകാശക്കാഴ്ചയിലൂടെ ഒപ്പിയെടുക്കാനാണ് സന്ദർശകർക്ക് അവസരമൊരുക്കുന്നത്.
ജൂൺ 27ന് തുടക്കം
ജൂൺ 27ന് എയർ ടൂറിന് തുടക്കം കുറിക്കുമെന്ന് അധികൃതർ അറിയിച്ചു. discoverqatar.qa/air എന്ന വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചു. ഒരാൾക്ക് 710 റിയാൽ എന്ന നിലയിലാണ് ടിക്കറ്റ് നിരക്ക്. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ് പ്രവേശനം. ഹമദ് വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് 850 റിയാൽ മുതൽ നിരക്കിൽ എയർ ടൂർ ബുക്ക് ചെയ്യാം. ആറു മണിക്കൂറോ അതിൽ കൂടുതലോ ട്രാൻസിറ്റ് സമയമുള്ള യാത്രക്കാർക്കാണ് എയർ ടൂറിന് സൗകര്യമുണ്ടാവുക. ഹമദ് വിമാനത്താവളത്തിൽ നിന്ന് ദോഹ വിമാനത്താവളത്തിലെ പ്രീമിയർ ടെർമിനലിലേക്കും തിരികെയുമുള്ള യാത്രയും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.