ദോഹ: പ്രവാസത്തിന്റെ തിരക്കിനിടയിലും നാട്ടിൽ താമസത്തിന് സുന്ദരമായൊരിടം സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് ഖത്തറിലെ പ്രവാസി മലയാളികൾ. വർഷത്തിൽ വീണുകിട്ടുന്ന അവധിക്കാലത്ത് നാട്ടിലെത്തി, ഇഷ്ടനഗരത്തിൽ അനുയോജ്യമായൊരു ഫ്ലാറ്റോ വില്ലയോ കണ്ടെത്താൻ കഴിയാത്തവരെ തേടി കേരളത്തിൽനിന്നുള്ള ഒരുസംഘം കെട്ടിടനിർമാതാക്കൾ ഖത്തറിൽ നിങ്ങൾക്കരികിലേക്കെത്തുന്നു.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ദോഹ എക്സ്ബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 11ാമത് സിറ്റി സ്കേപ് ഖത്തർ പ്രോപർട്ടി ഷോയിൽ പ്രവാസി മലയാളത്തിന്റെ മുഖപത്രം ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ഇന്ത്യൻ പവിലിയനുകൾ നാട്ടിലൊരു പാർപ്പിടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സുവർണാവസരമാണ്.
ഒക്ടോബർ 24 മുതൽ 26വരെയാണ് ഖത്തറിലെയും വിവിധ യൂറോപ്യൻ-ഏഷ്യൻ രാജ്യങ്ങളിലെയും ജി.സി.സിയിലെയുമെല്ലാം റിയൽ എസ്റ്റേറ്റ് കമ്പനികൾ പങ്കാളിത്തംവഹിക്കുന്ന സിറ്റിസ്കേപ്പിന് ഡി.ഇ.സി.സി വേദിയാകുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ദോഹയിൽ നടക്കുന്ന ‘സിറ്റി സ്കേപ് പ്രോപർട്ടി ഷോയിൽ ആദ്യമായാണ് ഇന്ത്യൻ പവിലിയൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് കൂട്ടായ്മായ ‘ക്രെഡായ്’ കേരള ചാപ്റ്ററുമായി സഹകരിച്ചാണ് ‘ഗൾഫ് മാധ്യമം’ സിറ്റി സ്കേപ് ഖത്തറിൽ ഇന്ത്യൻ പവിലിയൻ അവതരിപ്പിക്കുന്നത്.
പ്രമുഖരായ 35ഓളം ബിൽഡർമാർ പ്രദർശനത്തിൽ പങ്കാളികളാകും. ഖത്തറിലെ പ്രവാസി മലയാളികൾക്ക് കേരളത്തിലെ 14 ജില്ലകളിലും ഫ്ലാറ്റും വില്ലയുമെല്ലാം ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരവുമായാണ് പ്രധാനപ്പെട്ട നിർമാതാക്കൾ ഖത്തറിൽ ഒന്നിക്കുന്നത്. മൂന്നു ദിനങ്ങളിലൊന്നിൽ ഡി.ഇ.സി.സിയിലെ ഇന്ത്യൻ പവിലിയനിലെത്തി ബിൽഡർമാരുമായി നേരിട്ട് ആശയവിനിമയം നടത്തി തന്നെ പാർപ്പിടം സ്വന്തമാക്കാം. ഖത്തറിലും മേഖലയിലുമായി ഏറെ ശ്രദ്ധേയമായ ‘സിറ്റി സ്കേപ്’ പ്രോപർട്ടി ഷോയുടെ ഓരോ പതിപ്പിലും 10,000ത്തോളം സന്ദർശകരാണ് എത്തുന്നത്. ഫ്ലാറ്റുകൾ, വില്ലകൾ, കമേഴ്സ്യൽ കോംപ്ലക്സുകൾ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള 35ഓളം റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളാണ് ഇന്ത്യൻ പവിലിയനിൽ പങ്കെടുക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.