ദോഹ: ലോകകപ്പ് ഫുട്ബാളിനെ സന്നദ്ധ സേവനംകൊണ്ട് സമ്പന്നമാക്കിയ വളന്റിയർമാർക്ക് അടുത്ത മഹാമേളക്കായി ഒരുങ്ങാൻ സമയമായി. ഒക്ടോബർ രണ്ടിന് തുടങ്ങി 2024 മാർച്ച് 28 വരെ ആറു മാസത്തോളം നീളുന്ന ദോഹ ഹോർട്ടികൾചറൽ എക്സ്പോക്ക് വളന്റിയറാവാൻ താൽപര്യപ്പെടുന്നവർക്ക് രജിസ്ട്രേഷനായി ഒരുങ്ങാൻ സമയമായി. അടുത്ത രണ്ടാഴ്ചക്കുള്ളിൽ വളന്റിയർ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ദോഹ എക്സ്പോ സെക്രട്ടറി ജനറൽ എൻജി. മുഹമ്മദ് അലി അൽ ഖൗറി അറിയിച്ചു.
ആറു മാസത്തോളം നീളുന്ന മേളയുടെ സുഗമമായ സംഘാടനത്തിന് 3000 മുതൽ 4000 വരെ വളന്റിയർമാരുടെ സേവനമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ദിനപത്രമായ ‘ദ പെനിൻസുല’ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ദോഹ എക്സ്പോയുടെ തയാറെടുപ്പിലെ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ദോഹ എക്സ്പോ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടുകളും വഴി വളന്റിയർ രജിസ്ട്രേഷൻ അറിയിപ്പ് പ്രഖ്യാപിക്കും. തുടർന്ന് വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും ആവശ്യമായ വളന്റിയർമാരെ തിരഞ്ഞെടുക്കുന്നത്.
കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് ആദ്യമായാണ് ഒരു ഗൾഫ് രാജ്യം വേദിയൊരുക്കുന്നത്. മരുഭൂമിയുടെ മണ്ണിൽ ആദ്യമായൊരു മേളയെത്തുമ്പോൾ പരിസ്ഥിതി സംരക്ഷണവും മരുഭൂവത്കരണത്തിനെതിരായ സന്ദേശവുമെല്ലാം പ്രധാനമായി മാറും.
അൽ ബിദ പാർക്ക് വേദിയാകുന്ന ദോഹ എക്സ്പോക്ക് 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇടമാണ് ഒരുക്കുന്നത്. തയാറെടുപ്പുകളെല്ലാം പൂർത്തിയായെന്നും ഉദ്ഘാടനത്തിന് ഒരു മാസം മുമ്പ് തന്നെ അതിഥികളെ സ്വീകരിക്കാൻ എക്സ്പോ സെന്റർ സജ്ജമാകുമെന്നും അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 80 രാജ്യങ്ങൾ പങ്കെടുക്കുന്ന മേളയിൽ 30 ലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
അൽ ബിദ പാർക്കിലെ എക്സ്പോ വേദിയിൽ മൂന്നു മേഖലകളായി തിരിച്ചായിരിക്കും വളന്റിയർമാരുടെ സേവനങ്ങൾ ക്രമീകരിക്കുന്നത്.
ഇന്റർനാഷനൽ ഏരിയയാണ് ഏറ്റവും പ്രധാനം. പാർക്കിന്റെ വടക്കൻ മേഖലയായ ഇവിടമാണ് പ്രധാന പ്രവേശന കവാടമായി മാറുക. ഇന്റർനാഷനൽ ഗാർഡൻ, എക്സിബിഷൻ, വിവിധ പരിപാടികളുടെ വേദി എന്നിവ ഉൾപ്പെടെ ഏഴു ലക്ഷം ചതുരശ്ര മീറ്ററാണ് ഇന്റർനാഷനൽ ഏരിയയുടെ വിസ്തീർണം.
പാർക്കിന്റെ മധ്യഭാഗം ഉൾക്കൊള്ളുന്ന ഫാമിലി ഏരിയയാണ് മറ്റൊന്ന്. കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന വിവിധ പരിപാടികളും മറ്റും ഉൾക്കൊള്ളുന്ന പ്രദേശം അഞ്ചു ലക്ഷം ചതുരശ്ര മീറ്റർ വരും. തെക്കൻ മേഖലയിലെ കൾചറൽ ഏരിയയാണ് മറ്റൊന്ന്.
സാംസ്കാരിക പരിപാടികളുടെയും പ്രദർശനങ്ങളുടെയും വേദിയായ ഇവിടം അഞ്ചു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സജ്ജമാക്കിയത്. എക്സ്പോയുടെ അവസാനവട്ട ഒരുക്കം വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രധാന നടത്തിപ്പുകാരായ ബി.ഐ.സിയുടെ സംഘം കഴിഞ്ഞ ദിവസം ഖത്തർ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.