ദോഹ: ലോകമെങ്ങുമുള്ള ദീർഘദൂര ഓട്ടക്കാരുടെ ആവേശപ്പോരാട്ടമായ ദോഹ മാരത്തണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. അടുത്ത വർഷം ജനുവരി 17ന് നടക്കുന്ന 14ാമത് ദോഹ മാരത്തണിൽ ഇത്തവണ 15,000ത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. വേൾഡ് അത്ലറ്റിക്സ് ഗോൾഡ് ലേബൽ റോഡ് റേസ് എന്ന നിലയിൽ ഏറ്റവും കൂടുതൽ അത്ലറ്റുകൾ പങ്കെടുക്കുന്ന മാരത്തൺ ആയിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
മികച്ച അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം കുടുംബങ്ങൾക്കും അത്ലറ്റുകൾക്കും ഒരുപോലെ ആവേശകരമായ പരിപാടികളും മാരത്തണിനോടനുബന്ധിച്ച് അവതരിപ്പിക്കും. 85 റിയാൽ മുതലാണ് പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഫീസ്. കൂടാതെ നാലോ അതിലധികമോ ആളുകളുള്ള സംഘത്തിന് 25 ശതമാനം അധിക കിഴിവും ലഭിക്കും. ഈ ഓഫർ ആദ്യമെത്തുന്നവർക്ക് മാത്രമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഷെറാട്ടൻ ഗ്രാൻഡ് ദോഹ റിസോർട്ട് ആൻഡ് കൺവെൻഷൻ ഹോട്ടലിന്റെ ഹോട്ടൽ പാർക്കിൽ നിന്നാരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് മാരത്തൺ നടക്കുക. ഫുൾ മാരത്തൺ 42 കിലോമീറ്റർ, ഹാഫ് മാരത്തൺ 21 കിലോമീറ്റർ, 10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, 13 മുതൽ 17 വയസ്സ് വരെയുള്ളവർക്കായി അഞ്ച് കിലോമീറ്റർ ഓട്ടവും 13 വയസ്സിന് താഴെയുള്ളവർക്കായി ഒരു കിലോമീറ്റർ ഓട്ടവും ഉൾപ്പെടെ രണ്ട് യൂത്ത് റേസ് എന്നിവയാണ് മത്സര ഇനങ്ങൾ.
മാരത്തണിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം പ്രാദേശിക ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്ന് സംഘാടകർ അറിയിച്ചു. ഭിന്നശേഷിക്കാരായ മത്സരാർഥികൾക്ക് 21 കിലോമീറ്റർ വരെയുള്ള ഏത് ഇനത്തിലും മത്സരിക്കാനും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്. തുടക്കം മുതൽ ഏറെ ജനപ്രീതിയാർജിച്ച കായികപരിപാടിയാണ് ദോഹ ഉരീദു മാരത്തൺ. ലോകമെമ്പാടുമുള്ള പ്രധാന മാരത്തണുകളിലൊന്നായി ഇത് അറിയപ്പെട്ടു. ഖത്തറിലെ മികച്ച അന്തരീക്ഷം, ഉത്സവഛായ, ദോഹ കോർണിഷിലെ ഐക്കണിക് റൂട്ട് എന്നിവ ഇതിനെ വേറിട്ടുനിർത്തുന്നു. dohamarathonooredoo.com എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.