ദോഹ: അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറിൻെറ മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന താലിബാൻ-അഫ്ഗാൻ സർക്കാർ ചർച്ചയിൽ പുരോഗതിയില്ല. അഫ്ഗാനിലെ വെടിനിർത്തലാണ് പ്രധാന കാര്യമെങ്കിലും ആ ഘട്ടത്തിലേക്ക് ചർച്ചകൾ ഇതുവരെ എത്തിയിട്ടില്ലെന്ന് ഖത്തറിലെ താലിബാൻ പൊളിറ്റിക്കൽ ഓഫിസ് വക്താവ് ഡോ. മുഹമ്മദ് നഈം പറഞ്ഞു. അഫ്ഗാനിൽ അക്രമസംഭവങ്ങൾ തുടരുകയാണ്. ഇരുകക്ഷികളും വെടിനിർത്തൽ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ എത്തിയിട്ടില്ല. നടപടിക്രമങ്ങൾ മാത്രമാണ് ഇപ്പോഴത്തെ വിഷയമെന്നും 'ഗൾഫ് ടൈംസ്' ദിനപത്രവുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഒരു മാസത്തിലധികമായി ദോഹയിൽ ചർച്ചകൾ നടക്കുകയാണ്. വെടിനിർത്തലിനുള്ള തടസ്സങ്ങൾ എന്താണെന്ന ചോദ്യത്തിന് അത്തരം ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. തടസ്സങ്ങൾ വരാൻ സാധ്യതയുള്ള സുപ്രധാന വിഷയങ്ങളിലേക്ക് വന്നിട്ടില്ല. എന്നാലും പ്രതീക്ഷയുണ്ട്.സമയപരിധി നൽകാൻ കഴിയില്ലെങ്കിലും ചർച്ചയിൽ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ താലിബാനും യു.എസും ദോഹയിൽ ഒപ്പുവെച്ച സമാധാന കരാറിൻെറ അടിസ്ഥാനത്തിലാണ് നിലവിലുള്ള ചർച്ചകൾ. യു.എസുമായുള്ള കരാർ ചരിത്രപ്രധാനമാണ്. അതിൻെറ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും താലിബാൻ വക്താവ് പറഞ്ഞു. തങ്ങൾക്ക് അനുരഞ്ജനത്തിനും സമാധാനത്തിനും ആത്മാർഥതയുണ്ട്. അതിനാലാണ് 18 മാസം നീണ്ട ചർച്ചകൾക്കൊടുവിൽ യു.എസുമായി കരാറിൽ ഏർപ്പെട്ടത്. സമാധാനം കൊണ്ടുവരാൻ തങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യും.
ഇസ്ലാമിക ശരീഅത്ത്, സ്ത്രീകളുടെ അവകാശം, അഫ്ഗാനിലെ ഭാവി രാഷ്ട്രീയ കരാറുകൾ തുടങ്ങിയ വിഷയങ്ങൾ ദോഹ ചർച്ചയിൽ വരുംദിവസങ്ങളിൽ വരുമോ എന്ന് പറയാൻ കഴിയില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജോലി തുടങ്ങിയ ഇസ്ലാമിൽ പറഞ്ഞിരിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് കിട്ടണം. മറ്റുള്ള രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത് എന്നതാണ് താലിബാൻെറ നയം. മറ്റുരാജ്യങ്ങൾ അഫ്ഗാൻെറ കാര്യത്തിലും ഇടപെടരുത്. യു.എസ് –താലിബാൻ കരാർ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലെത്ത സ്വാധീനിക്കില്ല. ഏതെങ്കിലും വ്യക്തിയുമായല്ല കരാർ ഒപ്പിട്ടത്. യു.എസ് സർക്കാറുമായാണ്.
അഫ്ഗാനിൽനിന്ന് യു.എസ് പിന്മാറുമെന്നുതന്നെയാണ് തങ്ങൾ കരുതുന്നത്.അമേരിക്കക്കുവേണ്ടിയും അമേരിക്കൻ ജനതക്കുവേണ്ടിയുമാണ് യു.എസ് കരാറിൽ ഒപ്പിട്ടത്. എല്ലാ യു.എസ് രാഷ്ട്രീയ നേതാക്കളും ഇതിൻെറ പ്രാധാന്യം മനസ്സിലാക്കുമെന്നും അതിൽ മാറ്റമുണ്ടാവില്ലെന്നും താലിബാൻ പ്രതീക്ഷിക്കുന്നു.ചർച്ചകൾക്കുള്ള വേദിയൊരുക്കിയതിനും സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിനും ഖത്തറിന് താലിബാൻ വക്താവ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.