ദോഹ: റമദാനിൽ വീടുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബങ്ങൾക്ക് സുരക്ഷാ നിർദേശങ്ങളുമായി എച്ച്.എം.സിക്ക് കീഴിലെ ഹമദ് ട്രോമ സെൻററിന്റെ ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം (എച്ച്.ഐ.പി.പി). കുടുംബാംഗങ്ങൾ ഒത്തുകൂടുന്ന റമദാൻ ദിനങ്ങളിൽ വീടുകളിൽ സുരക്ഷ ഉറപ്പാക്കണമെന്നും കുട്ടികളടക്കമുള്ളവരുടെ സുരക്ഷിതത്വം നമ്മുടെ ചുമതലയാണെന്നും എച്ച്.ഐ.പി.പി വ്യക്തമാക്കി. ചെറിയ കുട്ടികളുള്ള വീടുകളിൽ അവർക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ചെറിയ അശ്രദ്ധയിൽ കുട്ടികൾ വീഴാൻ ഇടവരരുതെന്നും എച്ച്.ഐ.പി.പി അസി. ഡയറക്ടർ ഡോ. ഐഷ അബീദ് പറഞ്ഞു.
ചെറിയ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നോക്കാൻ ആളില്ലാതെ കുട്ടികളെ ബെഡുകളിലോ കൗണ്ടറുകളിലോ തനിച്ചാക്കരുതെന്നും ഡോ. ഐഷ അബീദ് വ്യക്തമാക്കി.
വീടുകളിലെ കീടനാശിനികളും മറ്റു വിഷപദാർഥങ്ങളും മരുന്നുകളും കുട്ടികൾക്ക് കൈയെത്താത്ത നിലയിൽ സുരക്ഷിതമായി ലോക്ക് ചെയ്യണമെന്നും റമദാനിൽ വീടുകളിലെ അടുക്കളകൾ അധിക സമയവും സജീവമായിരിക്കുന്നതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും രക്ഷിതാക്കൾക്കുള്ള നിർദേശത്തിൽ സൂചിപ്പിച്ചു. പാർക്കിങ്ങിൽനിന്ന് വാഹനമെടുക്കുമ്പോൾ മുൻവശത്തോ പിറകിലോ കുട്ടികളില്ലെന്ന് ഉറപ്പുവരുത്തണം.
പുറത്ത് അന്തരീക്ഷ താപനില ഉയർന്നതിനാൽ രാവിലെ 10നും വൈകീട്ട് മൂന്നിനും ഇടയിൽ 45 മിനിറ്റിലധികം കുട്ടികളെ വെയിലിൽ കളിക്കാനിറക്കരുത്. ഉൾവശം ചൂടായ കാറിനുള്ളിൽ കുട്ടികളെ തനിച്ച് ഇരുത്തരുത് -അവർ ആവശ്യപ്പെട്ടു. എന്തെങ്കിലും അപകടം സംഭവിച്ചാലുടൻ എച്ച്.എം.സി ആംബുലൻസ് സേവനത്തിനായി 999 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.