ദോഹ: ഖത്തറിൽ പുതിയ അധ്യയന വർഷത്തിൽ സ്കൂൾ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കുള്ള പഠനാവസരമായി വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന ഡബ്ൾ ഷിഫ്റ്റ് സംവിധാനത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രവാസി രക്ഷിതാക്കളും വിദ്യാർഥികളും. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് ചൊവ്വാഴ്ച രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് മണിക്കൂറുകൾക്കകംതന്നെ സ്കൂളുകളിലേക്ക് അപേക്ഷകളുടെ പ്രവാഹവുമായി.
ഇന്ത്യൻ സ്കൂളുകളിൽ അധ്യയന വർഷം പകുതി പിന്നിട്ടിട്ടും മൂവായിരത്തിലേറെ വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പഠനം നിലച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം അഞ്ച് സ്കൂളുകളിൽ ഡബ്ൾ ഷിഫ്റ്റിൽ പുതിയ ക്ലാസുകൾ ആരംഭിക്കാൻ അനുവാദം നൽകിയത്. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ദോഹ, അബൂഹമൂർ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ (ഡി.എം.ഐ.എസ്), ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലാണ് ഉച്ച മുതൽ വൈകീട്ട് വരെയായി പുതിയ ഷിഫ്റ്റ് ആരംഭിക്കാൻ അനുവാദം നൽകിയത്.
മന്ത്രാലയത്തിൽനിന്നുള്ള അറിയിപ്പ് ലഭിച്ചതിനു പിന്നാലെ സ്കൂളുകളിൽ പ്രവേശന നടപടികളും അതിവേഗം ആരംഭിച്ചു. ചൊവ്വാഴ്ച പ്രഖ്യാപനം നടത്തി ഒരു മണിക്കൂറിനുള്ളിൽ തന്നെ 400ഓളം അപേക്ഷകൾ ലഭിച്ചതായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. നാലു ദിവസംകൊണ്ട് 5000ത്തോളം അപേക്ഷകളാണ് കെ.ജി മുതൽ എട്ടാം തരം വരെയുള്ള ക്ലാസുകളിലേക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബർ അവസാന വാരത്തിൽ ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന മിഡ് ബ്രേക്ക് അവധിക്കുശേഷം ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമവുമായി സ്കൂളുകൾ പ്രവേശന നടപടികളും സജീവമാക്കി. രാവിലെ ബാച്ചിലെ കുട്ടികളുടെ അതേ ശേഷിയിൽതന്നെ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലേക്കും പ്രവേശനം നൽകാൻ മന്ത്രാലയം അനുവാദമുണ്ട്. എന്നാൽ, വിവിധ സ്കൂളുകൾ സൗകര്യം കൂടി കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.
എം.ഇ.എസ് ദോഹ കാമ്പസിൽ കെ.ജി തലം മുതൽ എട്ടാം ക്ലാസ് വരെയും, എം.ഇ.എസ് അബൂഹമൂർ കാമ്പസിൽ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുമാണ് പ്രവേശനം നൽകുന്നത്. മറ്റു സ്കൂളുകളിൽ കെ.ജി മുതൽ എട്ട് വരെ പ്രവേശനം നൽകും. എം.ഇ.എസ് സ്കൂളിൽ ഉച്ച രണ്ട് മുതൽ വൈകീട്ട് ഏഴ് വരെയാവും ക്ലാസുകൾ. മറ്റു സ്കൂളുകളിൽ ഉച്ച ഒന്ന് മുതൽ ആറ് മണിവരെയാണ് ഷിഫ്റ്റ് ക്രമീകരിക്കുന്നത്.
രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കായി പ്രവേശനത്തിനുള്ള അഭിമുഖവും പരീക്ഷയും ഉൾപ്പെടെ നടപടികളും ആരംഭിച്ചു. ഇംഗ്ലീഷ്, ഗണിതം, സയൻസ് ഉൾപ്പെടെ വിഷയങ്ങളിലെ പരിജ്ഞാനം മാനദണ്ഡമാക്കിയാണ് ഓരോ ക്ലാസുകളിലേക്കും അഡ്മിഷൻ നടത്തുന്നത്. അടുത്തയാഴ്ചയോടെത്തന്നെ അഡ്മിഷൻ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് ശ്രമം.
ശാന്തിനികേതൻ സ്കൂളിൽ നവംബർ മൂന്നിന് ഉച്ച ഷിഫ്റ്റിലെ ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. രാവിലെ ഷിഫ്റ്റുകൾ നിലവിലുള്ള അതേസമയത്തിൽതന്നെ (ഏഴ് മുതൽ ഉച്ച 12.50) തുടരും.
പുതിയ ക്ലാസുകളിലേക്കുള്ള അധ്യാപക റിക്രൂട്ട്മെന്റും ശാന്തിയിൽ ആരംഭിച്ചു. പൂർണമായും പുതിയ അധ്യാപകരുമായാവും ഉച്ച ഷിഫ്റ്റുകൾ പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചതായും വിവിധ വിഷയങ്ങളിലേക്ക് 800ലേറെ പേർ അപേക്ഷ നൽകിയതായും അറിയിച്ചു. 55 -60 അധ്യാപകരാണ് ആവശ്യമായി വരുന്നത്.
അതേസമയം, സി.ബി.എസ്.ഇ സിലബസിൽ അധ്യയന വർഷം പകുതിയോളം പിന്നിട്ട സാഹചര്യത്തിൽ പുതിയ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ തീർക്കാൻ അധിക ക്ലാസുകൾകൂടി ആവശ്യമായി വരും എന്ന ആശങ്കയുമുണ്ട്.
എങ്കിലും പഠനാവസരം നഷ്ടമായി ഒരു വർഷം നഷ്ടമാവുമെന്ന ആവലാതിയുമായി കഴിയുന്ന രക്ഷിതാക്കൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് അഞ്ച് സ്കൂളുകളിൽ ഡബ്ൾ ഷിഫ്റ്റ് ആരംഭിക്കാനുള്ള മന്ത്രാലയം നടപടി.
• ഈ അധ്യയന വർഷം ഇതുവരെ സ്കൂൾ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് മാത്രമായിരിക്കും ഡബ്ൾ ഷിഫ്റ്റിലേക്ക് പ്രവേശനം നൽകുന്നത്.
• ചുരുങ്ങിയത് ഒരു വർഷം കാലാവധിയുള്ള ഖത്തർ ഐ.ഡിയുള്ള വിദ്യാർഥികൾക്കാണ് അഡ്മിഷൻ ലഭ്യമാവുക.
• നിലവിൽ രാവിലെ ഷിഫ്റ്റിൽ പഠിച്ചുകൊണ്ടിരിക്കുന്നവരും മറ്റു സ്കൂളുകളിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് ഈവനിങ് ഷിഫ്റ്റിലേക്ക് മാറാൻ അനുവാദമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.