ഖത്തർ ദേശീയ മ്യൂസിയത്തിൻെറ ഭാഗ്യചിഹ്​നമായ ഡുഗോങ്

ഡുഗോങ് ഇനി ദേശീയ മ്യൂസിയത്തിൻെറ ഭാഗ്യചിഹ്​നം

ദോഹ: ഖത്തർ ദേശീയ മ്യൂസിയം സംഘടിപ്പിച്ച ഭാഗ്യചിഹ്​ന മത്സര വിജയികളെ പ്രഖ്യാപിച്ചു. 'ഡുഗോങ്' അഥവാ കടൽപശുവാണ്​ ഭാഗ്യചിഹ്​നം. അനുയോജ്യമായ ഭാഗ്യചിഹ്​നം ഡിസൈൻ ചെയ്​തത്​ ഫിലിപ്പീൻ ഗ്രാഫിക് ഡിസൈനറായ ഗ്ലയോർഡ് ചോയ് സലോംഗയാണ്. ദേശീയ മ്യൂസിയത്തി‍െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് പ്രാദേശിക, രാജ്യാന്തര ഡിസൈനർമാർക്കായി ഡിസൈൻ മത്സരം സംഘടിപ്പിച്ചത്.

7500 വർഷത്തിലേറെയായി ഖത്തരി സമുദ്രത്തിൽ വസിക്കുന്ന ജല സസ്​തനിയാണ്​ ഡുഗോങ്​ (കടൽപ്പശു). മ്യൂസിയത്തി‍െൻറ സുസ്​ഥിരതയും പരിസ്​ഥിതി ബോധവത്​കരണ പ്രാധാന്യത്തെയുമാണ് ഡുഗോങ്ങിനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തതിലൂടെ പ്രതിഫലിക്കുന്നത്. ആസ്​േട്രലിയ കഴിഞ്ഞാൽ ഖത്തർ തീരങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം കടൽപ്പശുക്കളുള്ളത്. ഏഷ്യയിലെയും കിഴക്കനാഫ്രിക്കയിലെയും തീരപ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. ഖത്തറിൽ മാത്രം ഈയിടെ നടത്തിയ പഠനത്തിൽ 600–700 ഡുഗോങ്ങുകളെ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. മത്സ്യബന്ധനം, കപ്പലുകളുടെ നീക്കം, മലിനീകരണം എന്നിവ കാരണം ഡുഗോങ്ങുകളുടെ നിലനിൽപുതന്നെ അപകടത്തിലാണ്​.

ഡിസൈൻ മത്സരത്തിലേക്ക് 40 സൃഷ്​ടികളാണ് എത്തിയത്. ദേശീയ മ്യൂസിയത്തി‍െൻറ ഐഡൻറിറ്റി, ഖത്തരി സാംസ്​കാരികവുമായി ബന്ധപ്പെട്ടത്, സൗന്ദര്യവും ആകർഷണീയതയും, പരിസ്​ഥിതി ബോധവത്​കരണം തുടങ്ങിയ മാനദണ്ഡങ്ങൾ ആധാരമാക്കിയാണ്​ ഏറ്റവും മികച്ച സൃഷ്​ടി ജൂറി തിരഞ്ഞെടുത്തിരിക്കുന്നത്.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് ദേശീയ മ്യൂസിയം മേധാവി ശൈഖ അംന ബിൻത് അബ്​ദുൽ അസീസ്​ ആൽഥാനി പറഞ്ഞു.

എക്സോൺ മൊബീൽ റിസർചുമായി സഹകരിച്ച് കടൽപ്പശുക്കളെക്കുറിച്ച് ദേശീയ മ്യൂസിയത്തിൽ പ്രത്യേക പ്രദർശനം നടത്താനുള്ള തയാറെടുപ്പിലാണ് ഭാരവാഹികൾ. അതി‍െൻറ ഭാഗമായിക്കൂടിയാണ് ഡിസൈൻ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ആകർഷകമായ സമ്മാനങ്ങൾക്ക് പുറമേ, തിരഞ്ഞെടുക്കപ്പെടുന്ന രൂപരേഖക്ക് വൻ മാധ്യമപ്രചാരമാണ്​ ലഭിക്കുന്നത്​. ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ്​ ആൽഥാനി, ദേശീയ മ്യൂസിയം ഡയറക്ടർ ശൈഖ അംന ബിൻത് അബ്​ദുൽ അസീസ്​ ബിൻ ജാസിം ആൽഥാനി എന്നിവരുടെ അംഗീകാരവും ലഭിക്കും. സൗജന്യ കൾചറൽ പാസ്​ അംഗത്വം, ദേശീയ മ്യൂസിയം ഗിഫ്റ്റ് ഷോപ്പിൽ നിന്നുള്ള സമ്മാന പാക്കേജ് എന്നിവയും വിജയിക്ക് ലഭിക്കും. ഖത്തറിന് പുറത്തുനിന്നുള്ള സൃഷ്​ടിയാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ഖത്തറിൽ വന്ന് സന്ദർശനം നടത്തി തിരിച്ച് പോകാനുള്ള ടിക്കറ്റും അധികൃതർ ഉറപ്പുനൽകിയിരുന്നു. 2019 മാർച്ച് 28നാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദേശീയ മ്യൂസിയം രാജ്യത്തിന് സമർപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.