ദോഹ: ത്യാഗത്തിന്റെ ഉത്സവമായ ബലിപെരുന്നാളിനെ വരവേൽക്കാൻ ഖത്തറിൽ ഒരുക്കം പൂർണം. സംഗീത പരിപാടികൾ മുതൽ വെടിക്കെട്ടും കുട്ടികളുടെ കലാപരിപാടികളും ഉൾപ്പെടെ വൈവിധ്യമാർന്ന പെരുന്നാൾ ആഘോഷങ്ങൾക്കാണ് ഇത്തവണ ഖത്തർ ഒരുങ്ങുന്നത്. മേഖലയിലെതന്നെ പ്രശസ്തരായ കലാകാരന്മാരെയും സംഗീത പ്രതിഭകളെയും അണിനിരത്തിയാണ് ഖത്തർ ടൂറിസത്തിന്റെ ഈദ് ആഘോഷം.
ചൈന, സിറിയ, മൊറോക്കോ, ജോർഡൻ എന്നീ രാജ്യങ്ങളിൽനിന്നും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള കലാസംഘങ്ങളുടെ പ്രകടനവും പരമ്പരാഗത ഖത്തരി അർദാ നൃത്തവും പൊലീസ് മ്യൂസിക് ബാൻഡിന്റെ പ്രത്യേക പ്രദർശനവും അവധി ദിവസങ്ങളിൽ കതാറയിൽ നടക്കും. ഖത്തർ നാഷനൽ മ്യൂസിയം, അൽ ശഖാബ് കുതിരസവാരി കേന്ദ്രം തുടങ്ങിയവ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രവാസി കൂട്ടായ്മകളുടെ പെരുന്നാൾ ആഘോഷ പരിപാടികളും സംഗമങ്ങളും നിരവധിയാണ്.
കതാറയിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി പത്തുമുതൽ 10 മിനിറ്റ് വെടിക്കെട്ട് പ്രകടനമുണ്ടാകും. ഖത്തറിലെ താമസക്കാരെയും അയൽരാജ്യക്കാരെയും സന്ദർശകരെയുമെല്ലാം മൂന്ന് ദിവസത്തെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാവാൻ ക്ഷണിക്കുന്നതായി ഖത്തർ ടൂറിസം അധികൃതർ പറഞ്ഞു. ദോഹയുടെ വിവിധ ഭാഗങ്ങളിലും പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് ഖത്തർ ടൂറിസം നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
ദോഹ: പൊതുശുചിത്വം ഉറപ്പുവരുത്താനും അനധികൃത അറവുകാരെ പിടികൂടാനുമായി ഈദ് ദിനങ്ങളില്‍ മുനിസിപ്പല്‍ കണ്ട്രോള് വകുപ്പിലെ പബ്ലിക് കണ്ട്രോള് ഡിവിഷന് ഇന്‍സ്പെക്ടർമാരുടെ നേതൃത്വത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും സമഗ്ര പരിശോധന നടത്തും. ബലിമാംസത്തിനായി വിവിധ സ്ഥാപനങ്ങൾ കൊണ്ടുവരുന്ന ആടുകൾ അടക്കമുള്ള ഉരുക്കളുടെ ആരോഗ്യപരിശോധനയടക്കം കൃത്യമായി നടക്കുന്നുണ്ട്. എല്ലാവിധ ചട്ടങ്ങളും പാലിക്കുന്ന ഉരുക്കളെ മാത്രമെ ബലിയറുക്കാനായി നൽകുന്നുള്ളൂ. അംഗീകൃത അറവുശാലകളിൽ ഇന്‍സ്പെക്ടര്‍മാര്‍ ഉൽപന്നങ്ങളുടെ സാധുതയും പ്രദര്‍ശനരീതികളും പരിശോധിച്ച് ഭക്ഷ്യ ഉൽപന്നങ്ങള് മനുഷ്യ ഉപയോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നുണ്ട്.
ഇറക്കുമതി ചെയ്യപ്പെട്ടവയും പ്രാദേശിക കന്നുകാലികളുടെയും ലേലകേന്ദ്രങ്ങള്‍, കിയോസ്കുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറി സ്റ്റോറുകള്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്തവിതരണ കേന്ദ്രങ്ങള്‍, ഇവയുടെ സംഭരണ ശേഖരണ കേന്ദ്രങ്ങള്‍, മുനിസിപ്പല്‍ ശീതീകരണ സംഭരണ കേന്ദ്രങ്ങള്‍, വിവിധ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യയൂനിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.