ദോഹ: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 79ാമത് സെഷനിൽ ചൊവ്വാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സംസാരിക്കും. ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനെയാണ് അമീർ അഭിസംബോധന ചെയ്യുന്നത്.
ലോകത്തെ 193 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള യു.എൻ സഭയിൽ നേരത്തേയും വിവിധ സെഷനുകളിൽ ഖത്തർ അമീർ സംസാരിച്ചിരുന്നു. ഇസ്രായേലിന്റെ ഗസ്സയിലെ ആക്രമണം ഒരു വർഷത്തിലേക്ക് നീങ്ങവെ പ്രധാന മധ്യസ്ഥ രാജ്യമെന്ന നിലയിൽ പ്രവർത്തിക്കുന്ന ഖത്തറിന്റെ ശബ്ദത്തെ അന്താരാഷ്ട്ര സമൂഹവും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
യുദ്ധം തടയാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സുസ്ഥിരതയും മനുഷ്യാവകാശവും ഉറപ്പാക്കാനും രൂപവത്കരിച്ച ഐക്യരാഷ്ട്ര സഭയെ നോക്കുകുത്തിയാക്കിയാണ് ഇസ്രായേൽ ഗസ്സയിൽ അതിക്രമങ്ങൾ തുടരുന്നത്. നേരത്തേയും യു.എന്നിൽ അമീർ വിവിധ അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു.
76ാമത് പൊതു സമ്മേളനത്തിൽ സുഡാൻ, ലബനാൻ, യമൻ, ലിബിയ, ഫലസ്തീൻ, സിറിയ, അഫ്ഗാൻ തുടങ്ങി വിവിധ വിഷയങ്ങൾ അമീർ ഉറച്ച ശബ്ദത്തോടെ അവതരിപ്പിച്ചത് ലോകം ശ്രദ്ധയോടെയാണ് ശ്രവിച്ചത്. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾക്കിടയിൽ ഖത്തർ അമീറിന്റെ വാക്കുകളെ ലോകം ഏറെ ഗൗരവത്തോടെയാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.