ദോഹ: ഖത്തർ ആസ്ഥാനമായ എച്ച്.ആർ കൺസൾട്ടൻസിയായ യുനോയ ഒന്നാം വാർഷികാഘോഷവും ‘മാനസികാരോഗ്യം’ എന്ന വിഷയത്തിൽ സിമ്പോസിയവും സംഘടിപ്പിച്ചു. ഖത്തറിൽ മാനുഷികവിഭവശേഷി പരിപാലനം, കൗൺസലിങ് മേഖലകളിൽ പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള സ്ത്രീകളുടെ കൂട്ടായ്മയായാണ് യുനോയക്ക് തുടക്കം കുറിക്കുന്നത്.
ദോഹ ഷറഖ് വില്ലേജിൽ നടന്ന പരിപാടിയിൽ മനഃശാസ്ത്രവിദഗ്ധരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. യുനോയയുടെ കഴിഞ്ഞ ഒരുവർഷത്തെ നേട്ടങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും അധികൃതർ വിശദീകരിച്ചു.
ഒപ്പം വിവിധ തൊഴിലാളികളിലെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യപരമായ തൊഴിലിടങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി ദോഹയിലെ പ്രമുഖ മൾട്ടിസ്പെഷാലിറ്റി മെഡിക്കൽ സെന്ററായ ‘വെൽക്കിൻസ്’ മെഡിക്കൽ സെന്ററുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. പദ്ധതിയുടെ ധാരണപത്രം ചടങ്ങിൽ ഇരു സ്ഥാപനങ്ങളിലെയും പ്രതിനിധികൾ കൈമാറി.
‘മാനസികാരോഗ്യം’ വിഷയത്തിൽ നടന്ന സിമ്പോസിയത്തിലെ വിവിധ സെഷനുകൾക്ക് ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മനഃശാസ്ത്രവിദഗ്ധയായ ഡോ. സോനാക്ഷി റഹേലയും മാനുഷികവിഭവശേഷി വിദഗ്ധയായ ഡോ. ഷഹീന ഹമീദും നേതൃത്വം നൽകി. പ്രസിദ്ധ മെന്റലിസ്റ്റ് ആദിയുടെ ‘ഇൻസോംനിയ’ എന്ന പരിപാടിയും വേദിയിൽ അരങ്ങേറി.
ഖത്തറിൽ പ്രവർത്തനം തുടങ്ങി ആദ്യ വർഷത്തിൽതന്നെ പ്രസിദ്ധമായ കമ്പനികളുമായി ചേർന്ന് തൊഴിലാളികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി പരിശീലനപരിപാടികളും പഠനശിബിരങ്ങളും നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് യുനോയയുടെ ഫൗണ്ടർമാരിൽ ഒരാളായ ആയിഷ മുഹമ്മദ് സലിം പറഞ്ഞു.
കോവിഡിനുശേഷം തൊഴിലാളികൾക്കിടയിൽ മാനസിക പിരിമുറുക്കങ്ങളും ആകുലതകളും വളരെയേറെ കണ്ടുവരുന്നതായും ഇത്തരം സാഹചര്യങ്ങളിൽ യുനോയ പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി വളരെ ഏറിയതായും വെൽകിൻസ് മെഡിക്കൽ സെന്ററിന്റെയും ഡി.എസ്.എം ഹെൽത്ത്കെയറിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സമീർ മൂപ്പൻ പറഞ്ഞു.
യുനോയയുടെ വാർഷികാഘോഷങ്ങൾക്കും സിമ്പോസിയത്തിനും റെഡ്ലോജിക് ചെയർമാൻ സലിം അൽ-കുവാരി, ഡയാർകോ ഇന്റർനാഷനൽ ഗ്രൂപ് സി.ഇ.ഒ ഉള്ളാട്ടിൽ അച്ചു, വെൽകെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തറിലെ വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാർ, പ്രസിദ്ധ കമ്പനികളുടെ അഡ്മിൻ- എച്ച്.ആർ മാനേജർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.