പ്രവാസികൾക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന വരുമാനങ്ങൾക്ക് 1961ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമനുസരിച്ചുള്ള റസിഡന്റ്സ് സ്റ്റാറ്റസുകൾക്ക് വിധേയമായി നികുതി അടക്കേണ്ടതില്ല. എന്നാൽ, ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന വരുമാനങ്ങൾ ഇൻകം ടാക്സ് പരിധിയിൽ വരുന്നതും ടാക്സ് അടക്കേണ്ട വരുമാനം ഉണ്ടായാൽ പ്രവാസികൾ അടക്കം എല്ലാവരും നികുതി അടക്കേണ്ടത് നിർബന്ധവുമാണ്.
പല സന്ദർഭങ്ങളിലും നമുക്ക് ലഭിക്കേണ്ട പല പേമെന്റുകളും ലഭിക്കുമ്പോൾ ഇൻകം ടാക്സ് വരുമാന പരിധി കണക്കാക്കാതെ തന്നെ, നൽകേണ്ട ആൾ വരുമാന സ്രോതസ്സിൽനിന്ന് നിശ്ചിത ശതമാനം ടാക്സ് പിടിച്ച് ബാക്കി തുക മാത്രമേ ലഭിക്കുകയുള്ളൂ.
ഇങ്ങനെ ഈടാക്കുന്ന ടി.ഡി.എസ് പണം നൽകുന്ന ആൾ ഇൻകം ടാക്സ് വകുപ്പിൽ അടവാക്കുകയും ആ തുക സാമ്പത്തിക വർഷാവസാനം നാം നൽകേണ്ട ഇൻകം ടാക്സ് തുകയിൽനിന്ന് തട്ടിക്കിഴിക്കുകയും ബാക്കിവരുവന്ന തുക മാത്രം അടക്കേണ്ടിവരുകയും ചെയ്യും. ഇങ്ങനെ പിടിച്ച ടി.ഡി.എസ് തുക നികുതി അടക്കേണ്ട തുകയിലും കൂടുതലാണെങ്കിൽ ആയത് റീഫണ്ടായി ലഭിക്കുകയും ചെയ്യും.
എന്നാൽ, ഇങ്ങനെ പിടിക്കുന്ന ടി.ഡി.എസ് തുക, ഇന്ത്യൻ ഇൻകം ടാക്സ് നിയമനുസരിച്ച് എൻ.ആർ. ഐ കാറ്റഗറിയിൽ വരുന്നവർക്ക് ഇന്ത്യയിൽ സ്ഥിര താമസമുള്ള റസിഡന്റ് ഇന്ത്യൻ കാറ്റഗറിയിൽ പെടുന്നവരിൽ നിന്ന് ഈടാക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. മിക്കവാറും പ്രവാസികൾക്ക് ടാക്സ് അടക്കേണ്ടെ വരുമാനം പോലും ഉണ്ടാവില്ലെന്നതാണ് വസ്തുത.
പ്രവാസികളായ പലർക്കും വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ വാടകക്ക് നൽകുന്ന പീടിക മുറികൾ, ചെറിയ ക്വാർട്ടേഴ്സുകൾ മുതലായവ പണിത് വാടകക്ക് നൽകുക, ഇൻഷുറൻസ് എടുത്തത് മെച്യൂരിറ്റിയാവുന്നത്, എൻ.ആർ.ഒ അക്കൗണ്ടിലെ പലിശ തുടങ്ങിയ പലതിനും വലിയ നിരക്കിലാണ് പ്രവാസിയാണെങ്കിൽ ടി.ഡി.എസ് ഈടാക്കുക.
ഇങ്ങനെ അധികമായി ഈടാക്കുന്ന മുൻകൂർ നികുതി നാട്ടിലെ റസിഡന്റ് ആയവരുടെ അതേ നിരക്കിൽ ഈടാക്കാനുള്ള സംവിധാനമാണ് നാം ജോലി ചെയ്യുന്ന വിദേശ രാജ്യത്തെ ടാക്സ് ഡിപ്പാർട്ട്മെന്റ് നിന്ന് ലഭിക്കുന്ന ടാക്സ് റസിഡൻസി സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കറ്റ് അനുബന്ധ രേഖകൾ സഹിതം ഇന്ത്യയിലെ ആദായ നികുതി വകുപ്പ് ഓഫിസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ സമർപ്പിച്ചാൽ പിന്നീട് ആ സാമ്പത്തിക വർഷം ടി.ഡി.എസ്. ആയി അധിക നിരക്ക് ഈടാക്കില്ല.
ഉദാഹരണം: നാട്ടിൽ നിന്ന് പ്രവാസിക്ക് ലഭിക്കുന്ന വാടകക്ക് 30 ശതമാനം ടി.ഡി.എസ് ഈടാക്കുമ്പോൾ നാട്ടിൽ സ്ഥിരതാമസമുള്ളയാൾക്ക് വാടക ലഭിക്കുമ്പോൾ 10 ശതമാനം ടി.ഡി.എസ്. മാത്രമേ ഈടാക്കുകയുള്ളൂ. എന്നാൽ, മേൽ സൂചിപ്പിച്ച പോലെ ടാക്സ് റസിഡന്റ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ 30 ശതമാനം എന്നത് 10 ശതമാനം ആയി കുറയും. അങ്ങനെ പ്രതിമാസം വലിയൊരു തുക മുൻകൂർ അടക്കുന്നത് ഒഴിവാക്കാം. ഇതേപോലെ തന്നെയാണ് മറ്റു വരുമാന മാർഗങ്ങൾക്കും ബാധകമാവുന്നത്.
ടാക്സ് റസിഡൻസി സർട്ടിഫിക്കറ്റ് ലഭ്യമാവുന്നത് ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള Double Taxation Avoidance Agreement (DTAA) പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചാണ്.
ഗൾഫ് രാജ്യങ്ങൾ അടക്കം മിക്കവാറും രാജ്യങ്ങളുമായി ഈ കരാർ നിലവിലുണ്ട്. ഖത്തറിൽ നിന്നും ടാക്സ് റസിഡൻസി സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ലഭിക്കുന്നതിന് ഖത്തർ ടാക്സ് അതോറിറ്റിയുടെ വെബ് പോർട്ടർ https://dhareeba.gov.qa/ സന്ദർശിക്കുക.
ഇതുപോലെ DTAA നിലവിലുള്ള എല്ലാ രാജ്യങ്ങളിലെയും വെബ് സൈറ്റുകൾ വഴിയും മറ്റും കരസ്ഥമാക്കാം. ഇന്ത്യയിൽ റസിഡന്റ് ആയവർക്ക് മറ്റു രാജ്യങ്ങളിൽനിന്നും വരുമാനം ഉണ്ടെങ്കിൽ ടാക്സ് റസിഡൻറ് ഇന്ത്യയിൽനിന്ന് ഉണ്ടാകുകയാണെങ്കിൽ ഇരട്ട നികുതി ഒഴിവാക്കുന്നതിനും സഹായകരമാവും.
അറിയുക: ലോകത്തിലെവിടെയും എന്നത് പോലെ ഇന്ത്യയിലും നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ വരുമാനങ്ങളും കൃത്യമായി രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കുകയും പലർക്കും ഇതു സംബന്ധമായ നോട്ടീസുകളും വന്ന് കൊണ്ടിരിക്കുന്നു. നിയമപരമായ ഇളവുകൾ നേടുന്ന രീതിയിൽ ഇത്തരത്തിലുള്ള ടാക്സ് പ്ലാനിങ് നടത്താൻ നമുക്ക് ആവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.