ദോഹ: തൊഴിൽ, കുടുംബ സാഹചര്യങ്ങൾ പ്രവാസികളിൽ സൃഷ്ടിക്കുന്ന ആരോഗ്യ, മാനസിക സംഘർഷങ്ങളെക്കുറിച്ച് പഠനം നടത്തി ഗവേഷ ബിരുദം സ്വന്തമാക്കി ഖത്തറിൽനിന്നുള്ള പ്രവാസി മലയാളി.
കോഴിക്കോട് തിക്കോടി പുറക്കാട് സ്വദേശി അബ്ദുറഹിമാൻ പറമ്പിലാണ് അരുണാചൽ പ്രദേശിലെ അരുണോദയ യൂനിവേഴ്സിറ്റിയിൽനിന്നും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ പ്രവാസി വിഷയത്തിൽ പി.എച്ച്.ഡി സ്വന്തമാക്കിയത്. നാലു വർഷത്തിലേറെ നീണ്ട തന്റെ ഗവേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ബിരുദം നേടിയത്.
ഖത്തറിലെ പത്തുവർഷത്തേത് ഉൾപ്പെടെ 18 വർഷം നീണ്ട തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ വിഷയം തിരഞ്ഞെടുത്തതെന്ന് അബ്ദുറഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
‘ഖത്തറിലെ ഇന്ത്യൻ പ്രവാസികളിൽ തൊഴിൽപരവും കുടുംബപരവുമായ സമ്മർദങ്ങൾ ആരോഗ്യത്തിലും തൊഴിൽ നൈപുണ്യത്തിലും സൃഷ്ടിക്കുന്ന സ്വാധീനവും പരിണിതഫലവും’ എന്നതായിരുന്നു ഗവേഷണ വിഷയം.
രജിസ്റ്റർ ചെയ്തതിനു പിറകെ വിവിധ തലങ്ങളിലെ ഖത്തറിലെ പ്രവാസികൾക്കിടയിൽ പഠനം നടത്തിയായിരുന്നു ഗവേഷണം പൂർത്തിയാക്കിയത്.
ഓരോ കണ്ടെത്തലുകളും വിഷയത്തിൽ കൂടുതൽ ശ്രദ്ധയും ബോധവത്കരണവും ആവശ്യപ്പെടുത്തുന്നതായിരുന്നുവെന്ന് അബ്ദുറഹ്മാൻ പറയുന്നു. എൻജിനീയറിങ് കൺസൾട്ടൻസി മേഖലയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം തന്റെ അറിവുകൾ ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി. നിർമാണ, ആരോഗ്യ, ഐ.ടി, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലയിൽ ജോലി ചെയ്യുന്നവരിൽ സർവേ നടത്തി.
2014 മുതൽ വിവിധ ജി.സി.സി രാജ്യങ്ങളിലായി 33,000ത്തോളം ഇന്ത്യക്കാർ പ്രവാസത്തിനിടെ മരിച്ചെന്നാണ് കണക്കുകൾ. ഇതിലേറെ മരണകാരണവും ഹൃദയാഘാതമായിരുന്നു.
തൊഴിൽപരമായ ഉൽപാദന ക്ഷമതയെയും ഇത് ബാധിക്കുന്നു. 60 ശതമാനം പ്രവാസികളും തൊഴിൽപരമായും കുടുംബ പരമായും സംഘർഷങ്ങൾ അനുഭവിക്കുന്നവരാണ്. പത്തു ശതമാനം മാത്രമെ പൂർണമായും സംതൃപ്തികരമായി പ്രവാസത്തിൽ ജോലി ചെയ്യുന്നു.
പ്രവാസ മണ്ണിലെ ഒറ്റപ്പെടൽ മാനസിക സംഘർഷങ്ങൾക്ക് വലിയൊരു കാരണമായി മാറുന്നു. ഇതിനെ സാമൂഹിക സാഹചര്യങ്ങളിലൂടെ മറികടക്കണം എന്നാണ് അബ്ദു റഹ്മാന്റെ നിർദേശം.
തൊഴിൽ കഴിഞ്ഞാൽ സുഹൃത്തുക്കൾക്കൊപ്പവും വിവിധ കൂട്ടായ്മകളിലൂടെയും ഏകാന്തതയെ മറികടക്കണം. ഇല്ലെങ്കിൽ ഡിപ്രഷനിലേക്കും ആരോഗ്യ, മാനസിക പ്രശ്നങ്ങളിലേക്കും നീങ്ങും. തന്റെ ഗവേഷണഫലം നോർക്ക ഉൾപ്പെടെ പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംവിധാനങ്ങളിലെത്തിക്കണമെന്നും അബ്ദുറഹ്മാന് ആഗ്രഹമുണ്ട്.
ഖത്തരി ദിയാർ ജീവനക്കാരനായ അബ്ദുറഹ്മാൻ പൊതുപ്രവർത്തന രംഗത്തും ജീവകാരുണ്യമേഖലയിലും സജീവമാണ്. കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ഉപാധ്യക്ഷൻ, വെൽനെസ് സ്പോർട്സ് ക്ലബ് മെംബർ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്നു. കൊയിലാണ്ടി സ്വദേശി ഹസീനയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.