പ്രവാസം തുടങ്ങുന്നത് 1982ൽ. പ്രവാസത്തിനു മുമ്പും ശേഷവും സിരകളിൽ ഓടിയിരുന്നത് രാഷ്ട്രീയം മാത്രം. സ്ഥാനാർഥിയായില്ലെങ്കിലും പല തെരഞ്ഞെടുപ്പുകളിലും സജീവമായി പങ്കെടുത്തു. ഭാര്യയുടെ തെരഞ്ഞെടുപ്പ് ഏജൻറായും പ്രവർത്തിക്കാൻ അവസരം ലഭിച്ചു. സാഹചര്യങ്ങളുണ്ടായിട്ടും ഒരു തെരഞ്ഞെടുപ്പ്, മത്സരം, അധികാരം ഈ വക ചിന്തകളൊന്നും മനസ്സിൽ വരാതെ കോൺഗ്രസ് രാഷ്ട്രീയം തലക്കുപിടിച്ചു നടന്നിരുന്ന കൗമാരവും യൗവനവും. സംഘാടനം, മൈക്കുകെട്ടി പ്രചാരണം, പോസ്റ്ററൊട്ടിക്കൽ, ചുമരെഴുത്ത്, സമ്മേളനങ്ങൾ അങ്ങനെ പോകുന്നു നാലു പതിറ്റാണ്ടു മുമ്പുള്ള എെൻറ രാഷ്ട്രീയ പ്രവർത്തനം.
കുവൈത്ത് അധിനിവേശ സമയത്ത് നാട്ടിലുണ്ടായപ്പോൾ ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടു. സംഗതി ബാങ്ക് തെരഞ്ഞെടുപ്പായിരുന്നെങ്കിലും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനോളം വീറും വാശിയും ഉണ്ടായിരുന്നു. കോൺഗ്രസിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിലായിരുന്നു ശരിക്കും മത്സരം. കോൺഗ്രസ് ഭരണത്തിലുള്ള തൃശൂർ ജില്ലയിലെ അന്നത്തെ ഏറ്റവും മികച്ച വടക്കേകാട് സർവിസ് സഹകരണ ബാങ്കിെൻറ ഭരണം പിടിക്കാനുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔേദ്യാഗിക പക്ഷത്തോടൊപ്പം നിന്ന് മത്സരിച്ചു. വർഷങ്ങളായി ഭരണം നടത്തിയിരുന്ന ഭരണസമിതിയെ പരാജയപ്പെടുത്തി കോൺഗ്രസിലെ മറുവിഭാഗം ബാങ്ക് ഭരണം പിടിച്ചെടുത്തു. ഔേദ്യാഗിക പാനലിൽ നിന്നും 12 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഞാൻ മാത്രം വിജയിച്ചു. ഭരണ സമിതിയുടെ കാലാവധി പൂർത്തിയാവും മുമ്പ് വീണ്ടും പ്രവാസിയായി തിരിച്ചു കുവൈത്തിലേക്ക് തന്നെ പോയി. വീണ്ടും 1995ൽ ഒരു തെരഞ്ഞെടുപ്പിനെ നേരിടാൻ നാട്ടിലേക്ക്. പ്രവാസത്തിെൻറ ഇടവേളകളിലാണ് ഇതെല്ലം സംഭവിക്കുന്നത്.
ഇടതുപക്ഷ അനുഭാവി കുടുംബത്തിൽ നിന്നെത്തിയ രാഷ്ട്രീയത്തിെൻറ ബാലപാഠങ്ങൾ അറിയാത്ത ഭാര്യ രഹ്ന പതിനൊന്നാം വാർഡായ വൈലത്തൂരിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥി ആകുന്നത് അങ്ങനെയാണ്. വനിതകളെ സ്ഥാനാർഥിയായി ലഭിക്കാനും പഞ്ഞമുള്ള കാലമാണത്. അങ്ങിനെ 25ാം വയസ്സിൽ സഹധർമിണിയെ സി.പി.എമ്മിെൻറ വാർഡ് പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചു. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് വൈലത്തൂരിലെ സഹപ്രവർത്തകരോടൊപ്പം ഭർത്താവായ ഞാനും. വൈലത്തൂരിലെ വോട്ടർമാർ 56 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. പഞ്ചായത്തിലെ അവസാന വാർഡായതുകൊണ്ട് പുലർച്ച അഞ്ചിനാണ് ചാവക്കാട് സർക്കാർ ഹൈസ്കൂളിൽ വോട്ടുകൾ എണ്ണിത്തീരുന്നത്. സ്ഥാനാർഥി ഇതൊന്നുമറിയാതെ വീട്ടിൽ സുഖ നിദ്രയിൽ! തെരഞ്ഞെടുപ്പിന് ആകെ ചെലവായത് മൂവായിരത്തോളം രൂപ. അതിൽ 1000 രൂപ ഇന്നത്തെ കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻ കുട്ടി തന്നത് ഓർമയിൽ മായാതെയുണ്ട്.
പാർട്ടിയിൽ ഗ്രൂപ്പുകളൊക്കെ ഉണ്ടെങ്കിലും പഞ്ചായത്ത് അംഗമായി അഞ്ചു വർഷം ഒരു പുതുമുഖം എന്നതിനേക്കാളുമപ്പുറം ഭാര്യ രഹ്ന പഞ്ചായത്തു പ്രവർത്തനങ്ങളിലൊക്കെ ഇടപെട്ടു മുന്നോട്ടു നീങ്ങി. ആ ഭരണസമിതിയുടെ കാലത്താണ് പഞ്ചായത്തിൽ പബ്ലിക് ലൈബ്രറി സ്ഥാപിതമായത്. 2000ത്തിൽ പാർട്ടി വീണ്ടും രഹ്നയെ നിയോഗിച്ചത് 36 വർഷം കോൺഗ്രസിനെ മാത്രം പ്രതിനിധീകരിച്ചിരുന്ന ഒന്നാം വാർഡിലേക്കാണ്. അതിനാൽ തന്നെ അനായാസ വിജയമുണ്ടാകുമെന്ന് കരുതി ജില്ല പഞ്ചായത്ത് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഏജൻറായിട്ടായിരുന്നു ഞാൻ സജീവമായി പ്രവർത്തിച്ചത്. വാർഡിലെ ഫലം വന്നപ്പോൾ ഇരുനൂറിലേറെ വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടു.
പരാജയ കാരണം വ്യക്തമായി ഇന്നും അജ്ഞാതമാണെങ്കിലും ഗ്രൂപ്പുകളി മൂലമുള്ള കാലുവാരലിലാണ് പരാജയമുണ്ടായതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. വനിതകൾക്ക് വാർഡുകളിൽ പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിയുമെങ്കിലും രാഷ്ട്രീയ ഉള്ളുകള്ളികൾ പലപ്പോഴും അതിനവരെ അനുവദിക്കുന്നില്ലെന്ന തിരിച്ചറിവുമാണ് അഞ്ചു വർഷക്കാലത്തെ വാർഡ് പ്രവർത്തനത്തിലൂടെ രഹ്നയും നേടിയത്. ഇന്നത്തെ വനിത പ്രതിനിധികൾ കഴിവുള്ളവരാണെന്നും അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അവൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.