ദോഹ: ഖത്തർ തീരത്തുനിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിനുള്ള നിരോധനം ആഗസ്റ്റ് 15 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവെക്കാനുള്ള ജി.സി.സി കാർഷിക സഹകരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ അയക്കൂറ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം.
അയക്കൂറ പോലുള്ള മത്സ്യങ്ങളുടെ ഖത്തർ സമുദ്രത്തിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നിരോധനം ഒക്ടോബർ 15 വരെ രണ്ടു മാസം നീളും.
നിരോധന കാലയളവിൽ നിയമം ലംഘിക്കുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും, അധികാരികളുടെ സഹകരണത്തോടെ തീരുമാനം നടപ്പാക്കുന്നത് ഉറപ്പാക്കാൻ ശ്രമിക്കുമെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 5000 റിയാൽ വരെ പിഴ ചുമത്തുമെന്നും മറ്റു നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അറിയിച്ചു.
അയക്കൂറ ഉൾപ്പെടുന്ന പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലത്ത് മത്സ്യബന്ധനം നിരോധിച്ചു കൊണ്ടുള്ള തീരുമാനം 2008 മുതലാണ് പുറത്തിറക്കുന്നത്. എല്ലാ വർഷവും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലുള്ള മത്സ്യബന്ധന നിരോധനത്തിന് പുറമെയാണ്, ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ നീളുന്ന നിരോധനം.
നിലവിൽ രാജ്യത്ത് അയക്കൂറ മത്സ്യം പിടിക്കുന്നതിനു വേണ്ടി മാത്രം 180 ബോട്ടുകളാണ് പ്രവർത്തിക്കുന്നത്. ഇത് ആകെയുള്ള മത്സ്യബന്ധന ബോട്ടുകളുടെ 35 ശതമാനം വരുമെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. വല ഉപയോഗിച്ചുള്ള നിരോധനം നിലനിൽക്കുമ്പോൾ തന്നെ ചൂണ്ട ഉപയോഗിച്ച് പിടിക്കാൻ അനുവാദമുണ്ടെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.