ദോഹ: ഖത്തറിനെതിെര അയൽരാജ്യം സൈനികാക്രമണത്തിന് പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തൽ. നടക്കാതിരുന്നത് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ശക്തമായ ഇടപെടൽ മൂലമെന്ന് വാഷിങ്ടൺ ആസ്ഥാനമായുള്ള 'ദ ഫോറിൻ പോളിസി' മാഗസിൻ പറയുന്നു.
ഖത്തറിനെതിരായ അയൽരാജ്യങ്ങളുൾപ്പെടെയുള്ള നാലു രാഷ്ട്രങ്ങളുടെ അന്യായ ഉപരോധം ഏർപ്പെടുത്തിയ 2017 ജൂൺ അഞ്ചിന് പിറ്റേദിവസം ആക്രമിക്കാനായിരുന്നു അയൽരാജ്യം പദ്ധതിയിട്ടിരുന്നത്.ഖത്തറിനെ ആക്രമിക്കാനുള്ള അയൽരാജ്യത്തിെൻറ നീക്കത്തിനെതിരെ ട്രംപ് രംഗത്തുവരുകയും ആ രാജ്യത്തിെൻറ ഭരണാധികാരിയെ നിരന്തരം ഫോൺ സംഭാഷണം നടത്തി പിന്തിരിപ്പിക്കുകയുമായിരുന്നുവെന്നും ഫോറിൻ പോളിസി വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായ ഭിന്നതകളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് കുവൈത്തിെൻറ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ അമേരിക്കയുടെ അഭ്യർഥനയുടെ ഫലമാണെന്നും മാഗസിൻ വ്യക്തമാക്കി. ഖത്തറിനെതിരായ ഉപരോധ രാഷ്ട്രങ്ങളുടെ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തുന്നതിൽ തുർക്കിയും ഇറാനും മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നും ദ ഫോറിൻ പോളിസി ചൂണ്ടിക്കാട്ടി.
ഖത്തറിനെതിരായ ഉപരോധം പ്രഖ്യാപിക്കപ്പെട്ടയുടൻ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഖത്തറിന് പിന്തുണ അറിയിക്കുകയും ഒ.ഐ.സിയിൽനിന്നുള്ള നേതാക്കളെ വിവരം ധരിപ്പിക്കുകയും ചെയ്തു. മേഖലയെ മറ്റൊരു പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും മാഗസിൻ കൂട്ടിച്ചേർത്തു. തുർക്കിയിൽനിന്നുള്ള സൈനിക ട്രൂപ്പുകളെ ഖത്തറിൽ വിന്യസിച്ചതും അയൽരാജ്യങ്ങളുടെ ഖത്തറിനെതിരായ നീക്കത്തിന് തടയിടാനായിരുന്നുവെന്നും മാഗസിൻ അടിവരയിടുന്നുണ്ട്.
ഉപരോധത്തെ തുടർന്ന് തങ്ങളുടെ വ്യോമ, നാവിക, കര അതിർത്തികൾ ഇറാൻ ഖത്തറിനായി തുറന്നുകൊടുത്തതും ഉപരോധ രാഷ്ട്രങ്ങളുടെ പദ്ധതികളെ തകിടംമറിച്ചതായി മാഗസിൻ വിശദീകരിക്കുന്നു.ഖത്തറിനെതിരായ അയൽരാജ്യത്തിെൻറ ആക്രമണ പദ്ധതി സംബന്ധിച്ച് പുറംലോകത്തെ അറിയിച്ചത് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ആയിരുന്നുവെന്നും 2017 സെപ്റ്റംബർ 7ന് ട്രംപുമായി വാഷിങ്ടണിൽ നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും മാഗസിൻ പറയുന്നു. ഖത്തറിനെതിരായ സൈനിക ഇടപെടൽ ഇല്ലാതാക്കിയത് കുവൈത്തി മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായിരുന്നുവെന്നും അന്ന് അമീർ ശൈഖ് സബാഹ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഉപരോധത്തിെൻറ തൊട്ടടുത്ത ദിവസം ഖത്തറിനെ സൈനികമായി ആക്രമിക്കാനുള്ള അയൽരാജ്യത്തിെൻറ നീക്കം സംബന്ധിച്ചുള്ള വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഇൻഫർമേഷൻ ഓഫിസ് മേധാവി അഹ്മദ് ബിൻ സഈദ് ബിൻ ജബർ അൽ റുമൈഹി ട്വീറ്റ് ചെയ്തു.അന്താരാഷ്ട്ര നിയമങ്ങൾക്കും കൺവെൻഷനുകൾക്കും വിരുദ്ധമാണ് ഖത്തറിനെതിരായ സൈനികാക്രമണ നീക്കം. തർക്കങ്ങളും ഭിന്നതകളും പരിഹരിക്കേണ്ടത് സമാധാന മാർഗങ്ങളിലൂടെയാണ്. ഖത്തറിനെതിരായ തെറ്റായ ആരോപണങ്ങളെല്ലാം ഉപരോധത്തിനുള്ള ന്യായീകരണമാണെന്ന് തുടക്കം മുതൽ ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയുടെയും ജനങ്ങളുടെയും ഭാവി കൈയിൽപിടിച്ചുള്ള ചൂതാട്ടത്തിനുള്ള കളമൊരുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.നേരേത്ത, 2018 ഫെബ്രുവരി മൂന്നിന് അൽ ജസീറ പുറത്തുവിട്ട റിപ്പോർട്ടിലും ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ആക്രമണ നീക്കം പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.