ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ‘ഗോൾഡ് ഫോർ ഗുഡ്’ ഫുട്ബാൾ ടൂർണമെന്റുമായി എജുക്കേഷൻ എബൗവ് ഓൾ (ഇ.എ.എ) ഫൗണ്ടേഷൻ. ഇ.എ.എയുടെ റമദാൻ കാമ്പയിന്റെ ഭാഗമായുള്ള ടൂർണമെന്റ് ദോഹ കോളജിൽ വെള്ളിയാഴ്ച അരങ്ങേറും. ലോകത്തിലെ ഏറ്റവും ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പിന്തുണക്കാൻ ലക്ഷ്യമിട്ടുള്ള ടൂർണമെന്റിൽ ഖത്തറിലെ 30 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്.
ഫുട്ബാളിനൊപ്പം കലാപരിപാടികളും മത്സരങ്ങളും ഇ.എ.എ സംഘടിപ്പിക്കും. ഉച്ചക്ക് ഒന്ന് മുതൽ രാത്രി എട്ട് വരെയാണ് ഫുട്ബാൾ ടൂർണമെന്റ്. 10 മുതൽ 18 വയസ്സ് വരെയുള്ള മത്സരാർഥികളെ മൂന്ന് പ്രായ വിഭാഗങ്ങളിലായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ് റൗണ്ടുകളും നോക്കൗട്ട് റൗണ്ടുകളുമായാണ് നടക്കുക. ജേതാക്കൾക്കുള്ള അവാർഡുകൾക്ക് പുറമെ മികച്ച താരം, മികച്ച ഗോൾ, ഗോൾകീപ്പർ എന്നിവർക്കുള്ള ട്രോഫികളും സാക്ഷ്യപത്രങ്ങളും സമാപനചടങ്ങിൽ സമ്മാനിക്കും.ഫുട്ബാൾ ചാമ്പ്യൻഷിപ്പിനോടൊപ്പം വിദ്യാഭ്യാസം എന്ന വിഷയത്തിൽ കലാമത്സരം സംഘടിപ്പിക്കാനും അധികൃതർ തീരുമാനിച്ചു. ആറ് മുതൽ 13 വയസ്സ് വരെ ജൂനിയർ വിഭാഗത്തിനും 14 മുതൽ 19 വയസ്സ് വരെ സീനിയർ വിഭാഗത്തിനുമായാണ് മത്സരങ്ങൾ. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ക്രിയാത്മകമായി പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇ.എ.എ ഒരുക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളായ എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം, നല്ല ആരോഗ്യവും ക്ഷേമവും, ലക്ഷ്യങ്ങൾക്കായുള്ള പങ്കാളിത്തം എന്നിവക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഗോൾസ് ഫോർ ഗുഡുമായി ഇ.എ.എ രംഗത്ത് വന്നിട്ടുള്ളത്.
സാമൂഹിക വികസനത്തെയും ലിംഗനീതിയെയും പിന്തുണക്കുന്നതോടൊപ്പം സഹിഷ്ണുത, ബഹുമാനം, സാമൂഹിക ഉൾപ്പെടുത്തൽ എന്നീ പ്രോത്സാഹിപ്പിക്കുന്ന കായിക മേഖലയുടെ ശക്തിയുടെ ആഘോഷമാണ് ഗോൾസ് ഫോർ ഗുഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.