ദോഹ: തുർക്കിയയും ഖത്തറും തമ്മിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സന്ദർശനം. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി സൗദി സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദോഹയിലെത്തിയ ഉർദുഗാന് ഊഷ്മള സ്വീകരണമായിരുന്നു ഖത്തർ ഒരുക്കിയത്.
തുടർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ മേഖലകളിലെ നിക്ഷേപ-സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. ലുസൈൽ പാലസിലായിരുന്നു അമീറും തുർക്കിയ പ്രസിഡന്റും തമ്മിലെ കൂടിക്കാഴ്ച. ലുസൈൽ പാലസിലെത്തിയ ഉർദുഗാൻ ടർക്കിഷ് നിർമിത ഇലക്ട്രിക് കാറുകൾ അമീറിന് സമ്മാനമായി നൽകി.
ഇരു രാജ്യങ്ങളും തമ്മിലെ അടുത്ത സൗഹൃദത്തിന്റെ പ്രതീകമായി ടർക്കിഷ് ബ്രാൻഡായ ‘ടോഗ്’ ഓട്ടോമൊബൈൽസ് നിർമിച്ച രണ്ടു കാറുകളാണ് സമ്മാനിച്ചത്. ഓട്ടോമൊബൈൽ വ്യവസായത്തിന്റെയും ഇലക്ട്രിക് കാറിന്റെയും സവിശേഷതകൾ അമീറിന് വിശദീകരിച്ചുനൽകി. തുടർന്ന് ഉർദുഗാനെ മുൻസീറ്റിലിരുത്തി അമീർതന്നെയാണ് പുതുമോടിയുള്ള കാർ ഓടിച്ചത്.
ലുസൈൽ പാലസിലെ കൂടിക്കാഴ്ചക്കിടയിൽ ലോകകപ്പ് ഫൈനലിന്റെ പന്തുകളിലൊന്നായ ‘അൽ ഹിൽമ്’ അമീർ തുർക്കിയ പ്രസിഡന്റിന് സമ്മാനിച്ചു. ഇതിഹാസതാരം ലയണൽ മെസ്സി ഒപ്പുചാർത്തിയ പന്ത് അമീർ കൈമാറുന്ന ദൃശ്യങ്ങൾ ഫുട്ബാൾ ലോകവും ഏറ്റെടുത്തു. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബാളിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിച്ച അഡിഡാസിന്റെ പന്താണ് ‘അൽ ഹിൽമ്’.
കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചുമാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. വ്യാപാരം, സാമ്പത്തിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും മേഖലയും ലോകവും നേരിടുന്ന പ്രധാന വെല്ലുവിളികളും ചര്‍ച്ചയായി. ഖത്തറും തുര്‍ക്കിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കൂട്ടായ പ്രസ്താവനയിലും രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ചു.
അമീറിന്റെയും തുർക്കിയ പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദനും കരാറിൽ ഒപ്പുവെച്ചു. അമീറിന്റെ ഔദ്യോഗിക അത്താഴവിരുന്നിലും പങ്കെടുത്ത ശേഷമാണ് ഉര്ദുഗാന് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.