ദോഹ: രാജ്യത്തെ കാലാവസ്ഥ തണുപ്പ് വിട്ട് ചൂടിലേക്ക് മാറിതുടങ്ങിയ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിലെ സുരക്ഷിതത്വ നിർദേശവുമായി മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളിൽ പകൽസമയങ്ങളിൽ ചൂട് കൂടിതുടങ്ങുകയും, പൊടിക്കാറ്റ് ഉൾപ്പെടെ ആഞ്ഞുവീശുകയും ചെയ്തതോടെയാണ് എല്ലാ തൊഴിലാളികളും ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശിച്ചത്.
ജോലി സ്ഥലങ്ങളിൽ ചൂടിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കണം. കാറ്റിെൻറ വേഗത മനസ്സിലാക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുകയും, ശക്തമായ കാറ്റ് അടിക്കുന്നത് തിരിച്ചറിയുമ്പോൾ ക്രെയിൻ പ്രവർത്തനം ഉൾപ്പെടെയുള്ളവ നിർത്തിവെക്കുകയും ചെയ്യണം. എല്ലാ തൊഴിൽ മേഖലയിലെയും, പ്രത്യേകിച്ച് നിർമാണ മേഖലയിലെയും സുരക്ഷ കർശനമായി പാലിക്കണം. സുരക്ഷ മാർഗനിർദേശം പാലിച്ചോ എന്ന് ഉറപ്പാക്കുന്നതിനായി തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ ജോലി സ്ഥലങ്ങളിലും മറ്റും പരിശോധന നടത്തും.
വേനലില്‍ പുറം തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപ്പാക്കുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികളിലൂടെ നിര്‍ജലീകരണം, സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഗണ്യമായി കുറക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മന്ത്രാലയത്തിന് കഴിഞ്ഞിരുന്നു. 2019, 2020 വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ചൂട്കൊണ്ടുള്ള പ്രയാസങ്ങൾ കാര്യമായി കുറച്ചു.
എല്ലാ വര്‍ഷവും വേനല്‍ കടുക്കുന്ന ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉച്ചവിശ്രമ നിയമവും നടപ്പാക്കുന്നുണ്ട്. രാവിലെ 11.00 മുതല്‍ ഉച്ചക്ക് 3.30 വരെ പുറം തൊഴിലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് നിയമം. കഴിഞ്ഞ വര്‍ഷം മുതല്‍ ഉച്ചവിശ്രമ സമയത്തിന്റെ ദൈര്‍ഘ്യവും നീട്ടിയിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശ സംരക്ഷണവും ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുന്നതില്‍ മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നിയമനടപടികളും സ്വീകരിക്കും.
തൊഴിൽ സുരക്ഷിതത്ത്വവും, തൊഴിലാളികളുടെ അവകാശവും ഉറപ്പാകുകയെന്നത് ഖത്തറിെൻറ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നായാണ് അടുത്തിടെ പുറത്തിറക്കിയ മന്ത്രാലയത്തിെൻറ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രാജ്യത്തിെൻറ സുസ്ഥരമായ ഭാവിക്കും, വികസനത്തിനും ശക്തമായ തൊഴിൽ നിയമവും തൊഴിലാളി സംരക്ഷണവും നിർണായകമാണെന്നും വ്യക്തമാക്കുന്നുണ്ട്.
തുടർച്ചയായ ഇടപെടലുകളും പരിഷ്കാരങ്ങളുമായി സുരക്ഷിതവും ആരോഗ്യകരവുമായി തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയെന്നത് ഖത്തർ നാഷനൽ വിഷൻ 2030െൻറ ഭാഗം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.