ദോഹ: പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം എന്നിവ ബാധിച്ച രോഗികൾക്ക് വീടുകളിലെത്തി ചികിത്സ ലഭ്യമാക്കുന്ന സേവനം ആരംഭിച്ച് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള നാഷനൽ കാൻസർ കെയർ, റിസർച് സെന്റർ (എൻ.സി.സി.സി.ആർ). പുതിയ സേവനം ആരംഭിച്ചതോടെ, എൻ.സി.സി.സി.ആറിന് കീഴിലെ പ്രത്യേകം പരിശീലനം ലഭിച്ച നഴ്സിങ് സംഘം രോഗികളുടെ ചികിത്സാ സമയക്രമം അനുസരിച്ച് അവരുടെ വീടുകളിലെത്തി കീമോതെറപ്പി കുത്തിവെപ്പ് നൽകും. ഖത്തർ കാൻസർ പ്ലാൻ 2023-2026 ന് കീഴിൽ റമദാനിന്റെ തുടക്കത്തിലാണ് പുതിയ സേവനങ്ങൾ ആരംഭിച്ചതെന്ന് എൻ.സി.സി.സി.ആർ സി.ഇ.ഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ. മുഹമ്മദ് സാലെം അൽ ഹസൻ ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് വീടുകളിലെത്തി ഹോംകെയർ സേവനങ്ങൾ നൽകുന്നത് ഇതിലുൾപ്പെടുമെന്നും എച്ച്.എം.സി കോർപറേറ്റ് കാൻസർ സർവിസസ് ചെയർമാൻ കൂടിയായ ഡോ. അൽ ഹസൻ കൂട്ടിച്ചേർത്തു.
കിടപ്പിലായ രോഗികൾ, 65ന് മുകളിൽ പ്രായമുള്ള രോഗികൾ, ചികിത്സക്കായി ആശുപത്രികളിൽ എത്താൻ പ്രയാസപ്പെടുന്നവർ എന്നിവർക്ക് വീടുകളിലെത്തിയുള്ള ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ എല്ലാ ശനിയാഴ്ചകളിലുമാണ് വീടുകളിലെത്തിയുള്ള ചികിത്സ നൽകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖത്തറിലെ എല്ലാ അർബുദ രോഗികളെയും ചികിത്സിക്കാൻ ലക്ഷ്യമിടുന്ന ഖത്തർ കാൻസർ പദ്ധതിക്ക് കീഴിലാണ് പുതിയ സേവനം ആരംഭിച്ചതെന്നും ഡോ. അൽ ഹസൻ വ്യക്തമാക്കി. ഹോം കെയർ സേവനത്തിലൂടെ എച്ച്.എം.സിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന് മറികടക്കാൻ സാധിച്ചതായും പ്രായമായവർക്കും ആശുപത്രികളിൽ ചികിത്സക്കെത്താൻ പ്രയാസപ്പെടുന്നവർക്കും ഈ സേവനത്തിലൂടെ ചികിത്സ ഉറപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലെത്തിയുള്ള കീമോതെറപ്പി സേവനം 60 അർബുദ രോഗികൾ പ്രയോജനപ്പെടുത്തി. ദിവസവും ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കാനും മറ്റ് അർബുദ രോഗങ്ങൾ കൂടി സേവനത്തിന്റെ പരിധിയിലുൾപ്പെടുത്താനും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും ഡോ. അൽ ഹസൻ അറിയിച്ചു. ചികിത്സ അവസാനിപ്പിച്ച കാൻസർ രോഗികൾക്ക് വീടുകളിലെത്തി പാലിയേറ്റിവ് ഹോം കെയർ സേവനം അടുത്തിടെ ആരംഭിച്ച മറ്റൊരു സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.