ദോഹ: ഒരാഴ്ചയായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിനൊടുവിൽ വിസ ഓൺ അറൈവലിന്‍റെ ഹോട്ടൽ ബുക്കിങ് വ്യാഴാഴ്ച മുതൽ ഡിസ്കവർ ഖത്തർ വഴി പ്രാബല്യത്തിൽ വന്നു. ബുധനാഴ്ചയോടെയാണ് ബുക്കിങ് വിൻഡോ പുനസ്ഥാപിച്ചത്. ഇതോടെ, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് കുടുംബത്തെ ഒന്നും രണ്ടും മാസത്തേക്ക് എത്തിക്കുകയെന്നത് ചെലവേറിയതായി മാറും.
രണ്ടു ദിവസം മുതൽ 60 ദിവസം വരെയാണ് ഡിസ്കവർ ഖത്തറിൽ ഹോട്ടൽ ബുക്കിങ് ലഭ്യമാവുന്നത്.
വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ വിസ ഓൺ അറൈവലുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് സന്ദർശിക്കാനുള്ള ലിങ്കുണ്ട്. യാത്ര പുറപ്പെടുന്ന രാജ്യത്തിനുമനുസരിച്ചുള്ള വിസ നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം കൃത്യമായി വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഓരോ രാജ്യക്കാർക്കുമനുസരിച്ച് വിസ നിയമങ്ങളിലെ വ്യത്യാസങ്ങളും നിർദേശങ്ങളും വ്യക്തവുമാണ്.
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ആറു മാസം കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, വിസ കാലാവധി 30 ദിവസം എന്നിങ്ങനെയാണ് നിർദേശങ്ങൾ.
വ്യാഴാഴ്ച മുതലുള്ള ഓൺ അറൈവൽ അപേക്ഷക്ക്, ഇഹ്തിറാസ് പോർട്ടലിൽനിന്ന് ഡിസ്കവർ ഖത്തർ ഹോട്ടൽ ബുക്കിങ് ആവശ്യപ്പെടുന്നതായി ട്രാവൽ ഏജന്‍റുമാരും യാത്രക്കാരും അനുഭവങ്ങൾ പങ്കുവെച്ചു. ഏപ്രിൽ അഞ്ചിനായിരുന്നു ഇന്ത്യ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിസ ഓൺ അറൈവൽ യാത്രക്കാർക്ക് ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ് നിർബന്ധമായി നിർദേശമിറങ്ങുന്നത്.
ഏപ്രിൽ 14ന് പുതിയ നിർദേശം പ്രാബല്യത്തിൽ വരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, അടുത്ത ദിവസം ഡിസ്കവർ ഖത്തർ വെബ്സൈറ്റിലെ ബുക്കിങ് വിൻഡോ നീക്കം ചെയ്തു.
അധികൃതരിൽനിന്നും തുടർന്നുള്ള നീക്കത്തിനായി കാത്തിരിക്കെയാണ് ബുധനാഴ്ചയോടെ ഡിസ്കവർ ഖത്തർ ബുക്കിങ് വിൻഡോ വീണ്ടും ആരംഭിച്ചത്.
വ്യാഴാഴ്ച ഡിസ്കവർ ഖത്തർ വെബ്സൈറ്റിലെ ബുക്കിങ്ങ് സ്റ്റാറ്റസ് പ്രകാരം രണ്ട് ദിവസത്തേക്ക് 450 മുതൽ 650 റിയാൽ വരെയാണ് ഹോട്ടൽ നിരക്ക്. ഒരു മാസത്തേക്ക് ഇത് 6525 റിയാൽ മുതൽ 10,000റിയാൽ വരെയും, രണ്ടു മാസത്തേക്ക് 12500 മുതൽ 15000 റിയാൽ വരെയുമാണ് ഹോട്ടൽ നിരക്കുള്ളത്.
രണ്ടു മുതിർന്നവരും, 11 വയസ്സിനു താഴെ പ്രായുള്ള ഒരു കുട്ടിയുമാണ് ഒരു മുറിയിൽ തങ്ങാൻ അനുവദിക്കുക. മാസവാടക 2000 റിയാൽ വരെ ചിലവിൽ ശരാശരി താമസം ഒരുക്കി കുടുംബത്തെ കൊണ്ടുവരുന്ന പ്രവാസികൾക്കാവും മാറ്റം തിരിച്ചടിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.